ആയിരം രൂപയുടെ മുകളില്‍ വരുന്ന ബില്ലുകള്‍ ഓണ്‍ലൈനായി മാത്രം അടച്ചാല്‍ മതിയെന്ന് ഉപഭോക്താകള്‍ക്കുള്ള കെഎസ്ഇബിയുടെ നിര്‍ദേശം. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ല. ഡിജിറ്റല്‍ പേയ്‌മെന്റായി മാത്രം പണം സ്വീകരിച്ചാല്‍ മതിയെന്നാണ് തീരുമാനം. അടുത്ത തവണ മുതല്‍ ഇത് നിര്‍ബന്ധമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബുദ്ധിമുട്ടുള്ളവക്ക് വളരെ കുറച്ചു തവണ മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളും കൗണ്ടറുകളില്‍ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്തും. തീരുമാനം എല്ലാ തരം ഉപഭോക്താക്കള്‍ക്കും ബാധകമാണ്. നിലവില്‍ ഏതാണ്ട് പാതി ഉപഭോക്താക്കളും പണമടയ്ക്കുന്നത് ഡിജിറ്റലായെന്ന് കെഎസ്ഇബി പറയുന്നു. പണം പിരിവ് പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേര്‍ന്ന ബോര്‍ഡ് യോഗം നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.
എന്നാല്‍ ഉപഭോക്താക്കളെ ഉപദ്രവിക്കാതെ വേണം തീരുമാനം നടപ്പാക്കാനെന്ന് കെഎസ്ഇബിയിലെ ജീവനക്കാരുടെ സംഘടനകള്‍ അണികള്‍ക്ക് നിദ്ദേശം നല്‍കിയിട്ടുണ്ട്. കെഎസ്ഇബിയില്‍ നിലവില്‍ നല്ലൊരു ശതമാനം ഉപഭോക്താക്കളും ഡിജിറ്റലായാണ് പണം അടയ്ക്കുന്നതെന്നും നൂറു ശതമാനം ഇടപാടുകളും ഈ നിലയില്‍ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കെഎസ്ഇബി പുതിയ പരിഷ്‌കാരത്തെക്കുറിച്ച് വിശദീകരിക്കുന്നു. അന്‍പത് ശതമാനത്തോളം ഉപഭോക്താക്കള്‍ നിലവില്‍ ഓണ്‍ലൈന്‍ വഴി പണമടയ്ക്കുന്നുവെന്നാണ് കെഎസ്ഇബിയുടെ കണക്ക്.
English summary; KSEB will no longer accept electricity bills above Rs.1000 at the counters
You may also like this video;