Site iconSite icon Janayugom Online

ഇടുക്കിയില്‍ കെഎസ്ആർടിസി ബസ് താഴ്‍ച്ചയിലേക്ക് മറിഞ്ഞു: ഒരാള്‍ മരിച്ചു

നേര്യമംഗലത്തിന് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വാളറ കുളമാംക്കുഴി സ്വദേശി പാലയ്ക്കൽ സജീവ് ജോസഫ് (47) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ആഴത്തിലേക്ക് മറിഞ്ഞ ബസ് മരങ്ങളിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. പുലർച്ചെ മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ആർഎസ്ഇ 269 നമ്പർ ബസാണ് നേര്യമംഗലം ചാക്കോച്ചി വളവില്‍ അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ടയർ പൊട്ടിനിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നെന്നാണ് വിവരം.
യാത്രക്കാര്‍ക്ക് പുറമെ ഡ്രൈവർ പരമേശ്വരൻ, കണ്ടക്ടർ സുഭാഷ് പീറ്റർ എന്നിവർക്കും പരിക്കുണ്ട്. 60 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 35 പേർക്ക് പരിക്ക് പറ്റി. നാട്ടുകാരും പൊലീസും അഗ്നിശമന സേനവിഭാഗവും ചേർന്ന് രക്ഷപ്രവർത്തനം നടത്തി.
പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ 16 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ധർമ്മഗിരി ആശുപത്രിയിൽ 10 പേരെയും താലൂക്ക് ആശുപത്രിയിൽ 10 പേരെയും പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടർ സന്തോഷിനെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
പരിക്കുകൾ ഗുരുതരമല്ലാത്തവരെ പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. തോക്കുപാറ വലിയ പറമ്പിൽ റംല, തോക്കു പാറ മാക്കോളിൽ റെജി ജോസഫ്, ആനച്ചാൽ തെക്കേടത്ത് ലിസി തോമസ്, ഇരുമ്പുപാലം പുത്തൻപുരയ്ക്കൽ പി ജി ആര്യ, വെള്ളത്തൂവൽ പാറയ്ക്കൽ പി ആർ അനൂപ്, വാളറ മങ്ങാട്ട് തോമസ് ചാക്കോ, കോഴിക്കോട് വെള്ളക്കാട് ഡോമിൻ, ആനച്ചാൽ തെക്കേടത്ത് തോമസ് ജോസഫ്, വലിയ പറമ്പിൽ ഷെഫീഖ് റഹ്‌മാൻ എന്നിവർക്കാണ് സാരമായ പരിക്കേറ്റത്.

Eng­lish Sum­ma­ry: ksrtc bus over­turned in idukki
You may also­like this video

Exit mobile version