പഴകിയ നോട്ട് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദിച്ചതായി പരാതി. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ മംഗല്‍ വിനോദി(34)നെ മര്‍ദിച്ചതായാണ് പരാതി. തിങ്കളാഴ്ച രാവിലെ 11ഓടെ വൈക്കത്തു നിന്നു ആലപ്പുഴയ്ക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വൈക്കം വലിയ കവലയില്‍ വച്ചായിരുന്നു സംഭവം. ടിക്കറ്റ് എടുത്ത യാത്രക്കാരന് ബാക്കി പണം നല്‍കിയത് പഴകിയ നോട്ടാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് വൈക്കം പോലീസില്‍ പരാതി നല്‍കിയതായി മംഗല്‍ വിനോദ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബസ്സിന്റെ ട്രിപ്പും മുടങ്ങി. മര്‍ദനമേറ്റ കണ്ടക്ടര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം കണ്ടക്ടര്‍ തന്നെ മര്‍ദിക്കുകയായിരുന്നു എന്നുകാട്ടി യാത്രക്കാരനും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരു കൂട്ടരെയും ഇന്ന് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ടെന്ന് വൈക്കം പൊലീസ് പറഞ്ഞു.