Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി വിവാദം; മേയറുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ അധിക്ഷേപിച്ചതിനു പിന്നാലെ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നും ഇതു തടയണമെന്നുമുള്ള പരാതിയില്‍ രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. തനിക്ക് അപമാനമുണ്ടാക്കുന്ന വിധം മനപൂര്‍വം 9946199515 എന്ന നമ്പരില്‍ നിന്നും അശ്ലീല വാക്കും വാചകങ്ങളും ചേര്‍ന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചെന്ന് സൈബര്‍ പൊലീസിന് മേയര്‍ നല്‍കിയ ഒന്നാമത്തെ പരാതിയില്‍ പറയുന്നു. രാജേഷ് രമണൻ എന്ന ഫേസ്ബുക്ക് അക്കൗണ്ട്, സ്മാർട്ട്‌ പിക്സ് യൂട്യൂബ് ചാനൽ, ചില്ലക്കാട്ടിൽപ്രാക്കുളം എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്നിവർക്കെതിരെയാണ് രണ്ടാമത്തെ കേസ്.

ശനിയാഴ്ച പാളയത്തുവച്ചാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു മേയറെയും കുടുംബത്തേയും അധിക്ഷേപിച്ചത്. കാറില്‍ യാത്ര ചെയ്യുമ്പോള്‍ അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവര്‍ക്കെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് അതിരൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. പാളയത്തുവച്ചുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതിലും കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്. ബുധനാഴ്ച രാവിലെ പൊലീസ് പരിശോധനയ്ക്കെത്തിയപ്പോഴാണ് മെമ്മറി കാര്‍ഡ് ഇല്ല എന്ന് കണ്ടെത്തുന്നത്. എന്നാല്‍ പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചിരുന്നു. 

അതേസമയം, ഫോറൻസിക് സംഘം ഇന്ന് കെഎസ്ആർടിസി ബസ് പരിശോധിച്ചു. തമ്പാനൂർ പൊലീസിന്റെയും ഫിംഗർ പ്രിന്റ് ബ്യൂറോയുടെയും ഫോറൻസിക്കിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസിയുടെ പരാതിയിൽ കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
അതേസമയം ബസ് ഡ്രൈവറുടെ പരാതിയെക്കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥാണ് ഉത്തരവിട്ടത്. ഒമ്പതിന് തിരുവനന്തപുരത്ത് കമ്മിഷൻ ഓഫിസിൽ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്. 

Eng­lish Summary:KSRTC Con­tro­ver­sy; The police reg­is­tered a case on the may­or’s complaint
You may also like this video

Exit mobile version