Site iconSite icon Janayugom Online

കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായി

തിരുവനന്തപുരം: കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലൻസ് പിടിയിലായി. തിരുവനന്തപുരം കിഴക്കേകോട്ടയിലെ കെഎസ്ആർടിസി ട്രാൻസ്പോർട്ട് ഭവനിലെ ഡെപ്യൂട്ടി ജനറൽ മാനേജർ ഉദയകുമാറാണ് പിടിയിലായത്. 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്.
കെഎസ്ആർടിസി ബസിൽ പരസ്യം പതിക്കുന്നതിന് കരാറെടുത്തിരുന്നയാളാണ് പരാതിക്കാരന്‍. കരാറിന്റെ ആറര ലക്ഷം രൂപയുടെ ബില്ല് മാറുന്നതിനായി സി ഉദയകുമാർ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. അതിൽ 40,000 രൂപ ബുധനാഴ്ച ഉദയകുമാറിന് നൽകി. ഇന്നലെ 30,000 രൂപ കൈമാറുന്നതിനിടയിലാണ് ദക്ഷിണ മേഖല വിജിലന്‍സ് ഡിവൈഎസ്‌പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബാക്കി തുക തന്നില്ലെങ്കില്‍ ഇനി മാറാനുള്ള പന്ത്രണ്ട് ലക്ഷം രൂപയുടെ ബില്ല് മാറില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലൻസ് തെക്കൻ മേഖലാ സൂപ്രണ്ട് ജയശങ്കറിനെ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് വിജിലന്‍സ് കെണിയൊരുക്കി, വൈകിട്ട് ഏഴ് മണിയോടെ ഒരു ക്ലബ്ബിൽ വച്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഉദയകുമാറിനെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. വകുപ്പുതല നടപടികൾ കെഎസ്ആർടിസി ഉടൻ സ്വീകരിക്കും.

eng­lish sum­ma­ry; KSRTC Deputy Gen­er­al Man­ag­er Caught Tak­ing Bribe

you may also like this video;

Exit mobile version