എഐവൈഎഫ് പ്രവർത്തകരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് യാത്രക്കാരനെ തിരികെ എത്തിച്ച് കെഎസ്ആർടിസി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കളമശേരിയിൽ നിന്നും ആലുവ കെ എസ്ആർടിസി ബസ് സ്റ്റാന്റിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത അഷ്റഫിനെ ബസ് സ്റ്റാന്റിൽ കയറാതെ ആലുവ ബൈപ്പാസിൽ ഇറക്കാൻ ശ്രമിച്ചത്.രാത്രി ഏറെ വൈകിയതിനാൽ ഇവിടെ നിന്നും വാഹനങ്ങൾ ഒന്നും തന്നെ സ്റ്റാന്റിലേക്ക് കിട്ടില്ല എന്നും തന്നെ ആലുവ കെ എസ് ആർ ടി സി സ്റ്റാന്റിൽ ഇറക്കണമെന്നും അഷ്റഫ് ബസ് ജീവനക്കാരോട് പറഞ്ഞു.ഇതോടെ അഷ്റഫിനേയും കൊണ്ട് ബസ് അങ്കമാലിക്ക് പോകുകയായിരുന്നു.
ഇക്കാര്യം അറിഞ്ഞ എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗം ജെ എസ് അനൂപും പ്രവർത്തകരും ബസിനു പുറകെ അങ്കമാലിയിലെത്തി.അഷ്റഫിനെ തിരികെ ആലുവയിൽ എത്തിക്കണമെന്നാവശ്യപ്പെട്ടു.തുടർന്ന് സ്റ്റേഷൻ മാസ്റ്ററുമായി സംസാരിച്ച് അഷ്റഫിനെ അതേ ബസിൽ ആലുവയിൽ എത്തിക്കുകയായിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അഷ്റഫ് പരാതി നൽകി.
രാത്രി കാലങ്ങളിൽ ആലുവ വഴി പോകുന്ന കെ എസ്ആർടിസി ബസുകൾ പലപ്പോഴും സ്റ്റാന്റിൽ കയറാറില്ല.ആലുവ ബൈപ്പാസിൽ യാത്രക്കാരെ ഇറക്കിവിടുകയാണ് പതിവ്. സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് ഇത് മൂലം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.പെരുമ്പാവൂർ മേഖലയിലേക്കും, ഇടുക്കി ഉൾപ്പടെയുള്ള മലയോര മേഖലകളിലേക്കും ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.ഇതിനെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അനൂപ് പറഞ്ഞു. എഐവൈഎഫ് മേഖല പ്രസിഡന്റ് അജിത്ത് എം എ, എസ് അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അങ്കമാലിയിലെത്തി എഐവൈഎഫ് പ്രവർത്തകർ അഷ്റഫിനെ തിരികെ എത്തിക്കാനുള്ള ശ്രമം നടത്തിയത്.
English Summary: ksrtc drove the bus back for 16 km for one passenger
You may also like this video