കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേക്ക്. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച പ്രതിദിന വരുമാനം 8.79 കോടി രൂപയാണ്. ഈ ഓണക്കാലത്ത് ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബര്‍ നാല് വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. അതിൽ അഞ്ച് ദിവസം വരുമാനം ഏഴ് കോടി രൂപ കടന്നു. 26ന് 7.88 കോടി, 27ന് 7.58 കോടി, 28ന് 6.79 കോടി, 29ന് 4.39 കോടി, 30ന് 6.40 കോടി, 31ന് 7.11 കോടി, സെപ്റ്റംബർ ഒന്നിന് 7.79 കോടി, രണ്ടിന് 7.29 കോടി, മൂന്നിന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.
കെഎസ്ആർടിസി മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകല്‍ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. ഇതിന് മുൻപ് ഈ വര്‍ഷം ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന ഉയര്‍ന്ന വരുമാനമാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്.
കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കി ഒമ്പത് കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും സിഎംഡി അറിയിച്ചു.
English Summary: KSRTC gains in Onam season service
You may also like this video