Site icon Janayugom Online

ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിയെ റോഡിലുപേക്ഷിച്ച് കെഎസ്ആർടിസി; പരാതി പറഞ്ഞ വിദ്യാര്‍ത്ഥികളെ വഴിയില്‍ ഇറക്കിവിട്ടെന്നും പരാതി, വീഡിയോ

ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി റോഡില്‍ ഉപേക്ഷിച്ചതായി പരാതി. കൊല്ലം എഴുകോണില്‍ ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവമുണ്ടായത്. ഒന്‍പതാംക്ലാസുകാരൻ നിഖില്‍ സുനിലാണ് ബസ് വേഗത്തില്‍ വളവ് തിരിയുന്നതിനിടെ റോഡ് വശത്തേക്ക് തെറിച്ചുവീണത്. സംഭവം കണ്ട് സഹപാഠികള്‍ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിര്‍ത്താന്‍ കണ്ടക്ടറോ ഡ്രൈവറോ കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നിഖില്‍.

വീഴ്ചയില്‍ തലയ്ക്കും മുഖത്തും കാല്‍മുട്ടുകള്‍ക്കും സാരമായി പരിക്കേറ്റു. നിഖില്‍ പുറത്തേക്കു വീണെന്നു പറഞ്ഞിട്ടും ബസ് നിര്‍ത്തിയില്ല. ബഹളം വച്ചപ്പോള്‍ അരകിലോമീറ്ററോളം മാറി ചീരങ്കാവ് ജംക്ഷനില്‍ നിര്‍ത്തി കുട്ടികളെ ഇറക്കിവിട്ടശേഷം ബസ് യാത്ര തുടര്‍ന്നു. നിഖില്‍ തെറിച്ചു വീഴുന്നതു കണ്ട ബസിനു പിന്നാലെ വന്ന ബൈക്ക് യാത്രികനും എതിരെ വന്ന കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ചീരങ്കാവ് സ്വദേശി സുരേഷ് ബാബുവുമാണ് നിഖിലിനെ ആശുപത്രിയിലെത്തിച്ചത്. വീട്ടുകാര്‍ പരാതിയുമായി കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയപ്പോള്‍ സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Eng­lish Sum­ma­ry: KSRTC leaves the stu­dent on the road who fell from the bus

You may like this video also

Exit mobile version