നീലക്കുറിഞ്ഞി പൂത്ത ഇടുക്കിയിലെ ശാന്തമ്പാറയിലെ കള്ളിപ്പാറയിലേക്ക് ആഘോഷ യാത്ര ഒരുക്കി കെഎസ്ആർടിസി. സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ നിന്നും കോടമഞ്ഞ് മൂടുന്ന ഗ്യാപ് റോഡും ആനയിറങ്കൽ ജലാശയവും തേയിലക്കാടിന്റെ മനോഹാരിതയും ആസ്വദിച്ച് കുറിഞ്ഞി മലയിലേക്ക് ആനവണ്ടിയിലെത്താം. വർഷങ്ങളായി നഷ്ടപ്പെട്ട കുറിഞ്ഞി വസന്തം വീണ്ടും പശ്ചിമഘട്ട മലനിരകളിൽ വിരുന്നെത്തിയപ്പോൾ കള്ളിപ്പാറയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.
മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളെ കുറിഞ്ഞി മലയിലേക്കെത്തിക്കാനുള്ള ദൗത്യം കെഎസ്ആർടിസി ഏറ്റെടുത്തിരിക്കുകയാണ്. മൂന്നാർ ഡിപ്പോയിൽ നിന്നും നിരവധി ബസുകളാണ് സഞ്ചാരികളുമായി വയലറ്റ് വസന്തം തീർത്ത കള്ളിപ്പാറ മലമുകളിലേയ്ക്കെത്തുന്നത്. മൂന്നാറിൽ നിന്നും തേയിലക്കാടുകൾക്കിടയിലൂടെ ഗ്യാപ് റോഡ് വഴി ആനയിങ്കൽ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചാണ് കുറിഞ്ഞി മലയിലെക്കെത്തുന്നത്.
കുറിഞ്ഞി കണ്ട് മടങ്ങുക മാത്രമല്ല, മലയോരത്തിന്റെ പ്രകൃതി മനോഹാരിതയും മഞ്ഞും തണുപ്പുമെല്ലാം ആസ്വദിച്ച് ആനവണ്ടിയിൽ യാത്രചെയ്യാം. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളിപ്പോൾ കുറിഞ്ഞി മലയിലേക്കുള്ള ബസാണ് ആദ്യം അന്വേഷിക്കുന്നത്. മഴ മാറിനിന്നാൽ ഒരാഴ്ചയിലധികം കുറിഞ്ഞിപൂക്കൾ കാണാൻ സാധിക്കും. കുറിഞ്ഞി വസന്തം വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകുമ്പോൾ പ്രതിസന്ധികളെ മറികടക്കാനുള്ള പോരാട്ടത്തിലാണ് കെഎസ്ആർടിസിയും.
English Summary: KSRTC service to Neelakurinji hills
You may also like this video