Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി സൂചനാ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി ഉൾപ്പെടെയുള്ള ജീവനക്കാരുടെ വിവിധ വിഷയങ്ങൾ ഉയർത്തി ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ സൂചനാ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍. എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ് എന്നീ സംഘടനകൾ പ്രഖ്യാപിച്ച സൂചനാ പണിമുടക്ക് നാളെ അർധരാത്രിവരെ തുടരും.

എഐടിയുസി ഏപ്രിൽ 25ന് നിയമപ്രകാരം മാനേജുമെന്റിന് പണിമുടക്ക് കത്ത് നൽകിയിരുന്നു. ശമ്പള പ്രതിസന്ധിയടക്കം ജീവനക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചുള്ള പണിമുടക്കിൽ സിഐടിയു സഹകരിക്കില്ല. സംഘടനകളുമായി മന്ത്രി ആന്റണി രാജു നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു.

മാധ്യമങ്ങൾക്കു മുന്നിൽ ഗതാഗത മന്ത്രി പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും ശമ്പളകാര്യത്തിൽ ഉറപ്പ് ലഭിച്ചില്ലെന്നും ഗതികേടുകൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്നും സംഘടനാ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പണിമുടക്ക് നേരിടാൻ ഡയസ് നോൺ അടക്കമുള്ള നടപടികൾ കെഎസ്ആർടിസി മാനേജുമെന്റ് പ്രഖ്യാപിച്ചു. സൂചനാ പണിമുടക്ക് കൊണ്ടു ഫലമുണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്താനാണ് സംഘടനകളുടെ തീരുമാനം.

Eng­lish sum­ma­ry; ksrtc strike

You may also like this video;

Exit mobile version