Site icon Janayugom Online

സിവിൽ സർവ്വീസ് പരീക്ഷാ ദിനത്തിൽ കൂടുതൽ സർവ്വീസുകൾ കെഎസ്ആർടിസി നടത്തും

ഈ മാസം 10 (ഞായർ) ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വെച്ച് നടക്കുന്ന സിവിൽ സർവ്വീസ് പരീക്ഷയെഴുതാൻ എത്തുന്ന ഉദ്യോഗാർത്ഥികൾക്കായി കെഎസ്ആർടിസി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കും. പരീക്ഷ ദിവസവും അതിന്റെ തലേദിവസവും ആവശ്യത്തിന് വാഹന സൗകര്യം പരീക്ഷാകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ നടത്തും.യാത്രക്കാരുടെ അമിത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ പരീക്ഷ സെന്ററുകളിലേക്ക് നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ചും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആവശ്യമായ സർവീസുകൾ നടത്താൻ ബന്ധപ്പെട്ട യൂണിറ്റ് അധികാരികൾക്ക് സിഎംഡി നിർദ്ദേശം നൽകി.

ബോണ്ട് സർവീസുകൾ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകുന്നതിന് വേണ്ടി മുൻകൂട്ടി റിസർവേഷൻ സൗകര്യം ബന്ധപ്പെട്ട യൂണിറ്റ് അധികാരികൾ ഏർപ്പെടുത്തും. മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താകും ബോണ്ട് സർവ്വീസുകൾ നടത്തുക. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അധികമായി സർവ്വീസുകളും ക്രമീകരിക്കും.

എല്ലാ ജനറൽ വിഭാഗം ഇൻസ്പെക്ടർമാരും സർപ്രൈസ് സ്ക്വാഡ് യൂണിറ്റ് ഇൻസ്പെക്ടർമാരും അന്നേദിവസം കാര്യക്ഷമമായി ബസ് പരിശോധന നടത്തുകയും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ യൂണിറ്റ് അധികാരികൾ ഷെഡ്യൂൾ ക്രമീകരിച്ച് അയക്കുകയും ചെയ്യും. ഈ ദിവസങ്ങളിൽ യൂണിറ്റ് അധികാരികൾ യൂണിറ്റ് കേന്ദ്രീകരിച്ച് സർവീസ് ഓപ്പറേഷന് മേൽനോട്ടം വഹിക്കും. ബന്ധപ്പെട്ട സോണൽ എക്സിക്യൂട്ടീവ് ഡയറക്ടർമാർ സർവീസ് ഓപ്പറേറ്റ് മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും.

ENGLISH SUMMARY:KSRTC will run more ser­vices on the day of Civ­il Ser­vice Examination
You may also like this video

Exit mobile version