Site iconSite icon Janayugom Online

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട ഏഴ് വയസുകാരിയെയും കാന്‍സര്‍ രോഗിയായ മുത്തച്ഛനെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിട്ടു

KSRTCKSRTC

യാത്രയ്ക്കിടെ ഏഴ് വയസ്സുകാരിയായ പേരക്കുട്ടിക്ക് മൂത്രമൊഴിക്കാൻ ബസ് നിർത്താൻ ആവശ്യപ്പെട്ട കാൻസർ രോഗിയായ 73കാരനെയും പേരക്കുട്ടികളെയും കെഎസ്ആർടിസി ജീവനക്കാർ പെരുവഴിയിൽ ഇറക്കിവിട്ടതായി പരാതി. കെ.ചപ്പാത്ത് തേക്കാനത്ത് വാസുദേവൻ നായരാണ് ഇതുസംബന്ധിച്ചു തൊടുപുഴ ഡിടിഒയ്ക്കു പരാതി നൽകിയത്.
തിങ്കൾ രാവിലെ 11.20 ന് ആണ് തൊടുപുഴയ്ക്കുള്ള കെഎസ്ആർടിസി ബസിൽ 7 വയസ്സും 13 വയസ്സുമുള്ള പെൺകുട്ടികളുമായി വാസുദേവൻ നായർ ഏലപ്പാറയിൽ നിന്നു കയറിയത്. എറണാകുളത്ത് ചികിത്സയുടെ ആവശ്യത്തിനായി പോകുന്നതിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്കു വരികയായിരുന്നു ഇദ്ദേഹം. കാഞ്ഞാർ എത്തിയപ്പോൾ ഇളയ കുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞു. കണ്ടക്ടറോടു കുട്ടിയുടെ ആവശ്യം അറിയിച്ചെങ്കിലും ബസ് നിർത്താ‍ൻ തയാറായില്ല. തുടർന്നു ഡ്രൈവറുടെ അടുത്തെത്തി കാര്യം പറഞ്ഞപ്പോൾ മൂലമറ്റത്ത് വണ്ടി നിർത്തിയപ്പോൾ നിങ്ങൾക്കു കാര്യം സാധിക്കാമായിരുന്നില്ലേ എന്നു ചോദിക്കുകയും അനിഷ്ടം പ്രകടിപ്പിക്കുകയുമാണ് ഉണ്ടായതെന്ന് വാസുദേവൻ പറയുന്നു.

കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതോടെ ബസ് നിർത്താൻ നി‍ർബന്ധം പിടിച്ചപ്പോൾ മുട്ടത്തിനു സമീപം ബസ് നിർത്തി. എന്നാൽ, കുട്ടികളുമായി ബസിൽ നിന്നിറങ്ങിയ ഉടൻ ബസ് വിട്ടു പോകുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. കാൻസർ രോഗ ബാധിതനാണെന്ന സർട്ടിഫിക്കറ്റും പരാതിയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫിസിലെ വിജിലൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് പരാതി കൈമാറുമെന്ന് ഡിടിഒ എ.അജിത് പറഞ്ഞു. മൂലമറ്റം ഡിപ്പോയിലെ ജീവനക്കാരുടെ ഭാഗത്തുനിന്നാണ് കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്.

Eng­lish Sum­ma­ry: KSRTC work­ers drop off sev­en-year-old girl and her can­cer-strick­en grand­fa­ther on their way to urinate

You may like this video also

Exit mobile version