Site iconSite icon Janayugom Online

അരികൊമ്പന്‍ സ്‌നേഹം വിട്ടൊഴിയാതെ കെഎസ്ആര്‍ടിസി

അരികൊമ്പന്‍ സ്‌നേഹം മായാതെ കെഎസ്ആര്‍ടിസി. ആനയുടെ ചിത്രത്തോടുകൂടി അരികൊമ്പന്‍ എന്നെഴുതിയ സ്റ്റിക്കറുകള്‍ പതിച്ചാണ് കെഎസ്ആര്‍ടിസിയുടെ വിവിധ ബസുകള്‍ സര്‍വ്വീസ് നടത്തി വരുന്നത്. പിറവം, ചങ്ങനാശ്ശേരി ഡിപ്പോകളില്‍ നിന്നും കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്താണ് വലിപ്പത്തില്‍ അരികൊമ്പന്‍ സ്റ്റിക്കറുകള്‍ ഇടംപിടിച്ചിരിക്കുന്നത്. ചിന്നകനാലിന്റെ പേടി സ്വപ്‌നമായ അരികൊമ്പനെ പിടികൂടി മേഘമലയില്‍ തുറന്ന് വിടുകയും അവിടുന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണില്‍ ഇറങ്ങിയ അരികൊമ്പനെ തമിഴ്‌നാട് സര്‍ക്കാര്‍ കളക്കാട് മുണ്ടന്തുറൈ ടൈഗര്‍ റിസര്‍വില്‍ വിടുകയും ചെയ്തു. ഇവിടെ വനത്തോട് ഇണങ്ങി വാഴുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴാണ് കെഎസ്ആര്‍ടിസി ബസുകളില്‍ അരികൊമ്പന്റെ സ്റ്റിക്കറുകള്‍ പതിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നത്.

2018‑ല്‍ സ്ഥിരമായി സഞ്ചരിച്ചിരുന്ന ആര്‍എസ്‌സി 140 വേണാട് ബസ് ഈരാറ്റുപേട്ടയില്‍ നിന്ന് ആലുവയിലേയ്ക്ക് മാറ്റിയതോടെ സ്ഥിരം യാത്രികര്‍ സങ്കടത്തിലായി. ഇതിനെ തുടര്‍ന്ന് ആ ബസ് തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഇൗരാറ്റുപേട്ട സ്വദേശിനിയായ ബിരുദ വിദ്യാര്‍ത്ഥിനി സ്‌റ്റേഷന്‍ ഓഫിസറോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി ഇടപെട്ട് ആര്‍എസ് സി 140 വേണാട് ബസിന് ചങ്ക് എന്ന് സ്റ്റിക്കര്‍ പതിച്ച് സര്‍വ്വീസ് ആരംഭിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എതിന് ശേഷം ചങ്ങനാശ്ശേരി-വേളാങ്കണ്ണി കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ എക്‌സ്പ്രസ് ബസിന്റ പിന്‍വലിച്ച സര്‍വ്വീസ് പുന:സ്ഥാപിച്ചപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ അരികൊമ്പന്‍ സ്റ്റിക്കര്‍ പതിച്ചതോടെ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ പതിച്ച് ഓടുവാനുള്ള യാതൊരു അനുമതിയും നല്‍കിയിട്ടില്ലായെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. അരികൊമ്പനെ സ്‌നേഹിക്കുന്ന ജീവനക്കാരോ, വാഹനത്തില്‍ യാത്ര ചെയ്യുന്ന അരികൊമ്പന്‍ ആരാധകരോ ആയിരിക്കാം ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിച്ചെതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Eng­lish Sum­ma­ry: KSRTCs affec­tion with Arikomban

You may also like this video

Exit mobile version