Site iconSite icon Janayugom Online

കുറ‍ഞ്ഞ നിരക്കിൽ യാത്ര ; കെഎസ്ആർടിസിയുടെ ജനത എസി സർവീസുകൾ ഇന്ന് മുതൽ

കുറ‍ഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എസി ബസ് സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി ജനത സർവീസുകൾ ഇന്ന് ആരംഭിക്കും. പ്രധാനമായും തലസ്ഥാനത്തെ ഓഫിസുകളിൽ എത്തുന്നവർക്ക് സൗകര്യപ്രദമായ വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും രാവിലെ 7.15ന് ആരംഭിച്ച് 9.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് നടത്തുക. ന​ഗരത്തിൽ എത്തിയാൽ സിറ്റി സർവീസുകളിൽ ഇവർക്ക് കുറഞ്ഞ നിരക്കിൽ ഓഫിസുകളിൽ എത്തിച്ചേരാനും ആകും.

കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എസി ബസുകളാണ് ജനത സർവീസുകളാകുന്നത്. 20 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസിൽ യാത്ര ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സർവീസിന് ഫാസ്റ്റിനേക്കാൾ അല്പം കൂടി­യ നിരക്കും സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ഉള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോൺ എസി സൂപ്പർ ഫാസ്റ്റ് നിരക്ക് തന്നെയാണ് ഈടാക്കുക. കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളിൽ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിർത്തും. 9.30 ന് തിരുവനന്തപുരത്ത് എത്തിയശേഷം 10 മണിക്ക് തിരികെ പോകുന്ന ബസുകൾ 12 മണിക്ക് കൊല്ലത്തും കൊട്ടാരക്കരയിലും എത്തിച്ചേരും.

തുടർന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി അഞ്ച് മണിക്ക് തമ്പാനൂർ, വഴുതക്കാട്, സ്റ്റാച്യു, പട്ടം, കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫിസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15 ന് സർവീസ് അവസാനിപ്പിക്കും. ഓരോ ഡിപ്പോകളെയും ഹബ്ബുകളായും പ്രധാ­ന ബസ് സ്റ്റേഷനുകളെ റീജിയണൽ ഹബ്ബുകളായും അങ്കമാലി ബസ് സ്റ്റേഷനെ സെൻട്രൽ ഹബ്ബായുമാണ് ജനത എസി ബസുകൾ ക്രമപ്പെടുത്തുന്നത്. ഹബ് ആന്റ് സ്പോക്ക് മാതൃകയിൽ ശാസ്ത്രീയമായി പുനഃക്രമീകരിച്ച് സർവീസുകൾ നടത്തും. ഇത് വിജയകരമായാല്‍ എല്ലാ ജില്ലകളെയും പരസ്പരം ബന്ധിപ്പിച്ച് പുതിയ എസി ബസ് ഉപയോഗിച്ച് ജനത എസി സർവീസ് ആരംഭിക്കും. ഇല്ലെങ്കിൽ നോൺ എസി ജനത സർവീസാകും ക്രമീകരിക്കുക.

Eng­lish Sum­ma­ry: KSRTC’s Janatha bus ser­vice to begin today
You may also like this video

Exit mobile version