Site iconSite icon Janayugom Online

കളര്‍ഫുള്‍ ലുക്കില്‍ കെഎസ്ആര്‍ടിസിയുടെ ലിങ്ക് ബസുകള്‍

ജനങ്ങള്‍ക്കുള്ള ഓണസമ്മാനമായി കെഎസ്ആര്‍ടിസിയുടെ കളര്‍ഫുളായ ലിങ്ക് ബസുകള്‍ തലസ്ഥാനത്തെത്തി. രണ്ട് ബസുകളാണ് എത്തിയത്. ഇവയടക്കം നൂറ് ബസുകള്‍ 21ന് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. സാധാരണ കെഎസ്ആര്‍ടിസി ബസുകളുടെ പരമ്പരാഗത നിറത്തില്‍ നിന്ന് വ്യത്യസ്തമായി ടൂറിസ്റ്റ് ബസുകളെ ഓര്‍മ്മിപ്പിക്കുന്ന മഞ്ഞയും പച്ചയും ഇടകലര്‍ന്ന നിറമാണ് ലിങ്ക് ബസുകള്‍ക്ക്. ലെയ്‌ലാന്‍ഡിന്റെ 10.5 മീറ്റര്‍ ഷാസിയാണ് ഫാസ്റ്റ് പാസഞ്ചറായി സര്‍വീസ് നടത്തുന്ന ലിങ്ക് ബസുകള്‍ക്ക്. ബസുകളുടെ ബോഡി ഒരുക്കിയിരിക്കുന്നത് ബംഗളൂരു ആസ്ഥാനമായ പ്രകാശ് എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സാണ്.

ടൂറിസ്റ്റ് ബസുകളില്‍ നല്‍കുന്ന വേഗാ ബോഡിയാണ് ഇവയ്ക്ക്. 3.8 ലിറ്റര്‍ എച്ച് സീരീസ് നാല് സിലണ്ടര്‍ ടര്‍ബോ ഡിഐ എന്‍ജിനാണ് ബസിനുള്ളത്. 150 പിഎസ് പവറും 450 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എൻജിൻ. ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് ഗിയര്‍ബോക്‌സാണുള്ളത്. കേബിള്‍ ഷിഫ്റ്റ് സംവിധാനത്തിനൊപ്പം എയര്‍ അസിസ്റ്റ് ക്ലച്ച് ഉണ്ട്. 50 മുതല്‍ 55 സീറ്റുകള്‍ വരെയുണ്ടാവും. സ്ലീപ്പറും മിനി ബസുകളും ഉള്‍പ്പെടെയാണ് 100 ബസുകള്‍. പുതിയ ബസുകള്‍ 22 മുതല്‍ 24 വരെ ട്രാൻസ്പോ എക്സപോയില്‍ പ്രദര്‍ശിപ്പിക്കും. പ്രമുഖ വാഹനനിര്‍മ്മാണ കമ്പനികളും എക്സപോയില്‍ പങ്കെടുക്കും. ത്രിവര്‍ണപതാകയുടെ നിറവും കഥകളിയുടെ ഗ്രാഫിക്‌സുമൊക്കെയുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളും പ്രദര്‍ശനത്തിനുണ്ടാകും.

Exit mobile version