Site icon Janayugom Online

സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ പരിഷ്കാരങ്ങള്‍ ചെറുക്കണം: കാനം

സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള വലിയ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെ ചെറുക്കാനുള്ള ശക്തി ജീവനക്കാരുടെ സംഘടനകള്‍ക്ക് ഉണ്ടാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ (കെഎസ്എസ്എ) വാര്‍ഷിക സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകബാങ്കിന്റെയും അതുപോലുള്ള ഏജന്‍സികളുടെയും ഭാഷയിലാണ് സെക്രട്ടേറിയറ്റിലെ ചില സെക്രട്ടറിമാര്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. അത് സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ഉണ്ട്. പുനഃപരിശോധന നീട്ടിവച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാന പ്രശ്നം.

ജീവനക്കാരുടെ സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെടുന്ന ആ പ്രശ്നത്തിന് എന്തുകൊണ്ട് പരിഹാരം ഉണ്ടാകുന്നില്ല എന്നത് നമുക്ക് മുന്നില്‍ ഉയരുന്ന ചോദ്യമാണെന്നും കാനം പറഞ്ഞു. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ജോയിന്റ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ഷാനവാസ്‌ഖാന്‍, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്‌ സ്റ്റാഫ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ ജ്യോതിലാല്‍ ജെ, കെജിഒഎഫ് പ്രസിഡന്റ് ഡോ. കെ എസ് സജികുമാര്‍, കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് മനീഷ് ആര്‍, കേരള പിഎസ്‍സി സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് അനന്തകൃഷ്ണന്‍ പി ജി, എകെഎസ്‌ടിയു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെഎസ്എസ്എ പ്രസിഡന്റ് അഭിലാഷ് ടി കെ അധ്യക്ഷനായി.

ജനറല്‍ സെക്രട്ടറി സുധികുമാര്‍ എസ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സാജു എസ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. പി ഹബീബ്‌ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി സുധികുമാര്‍ എസ് റിപ്പോര്‍ട്ടും സിജോ എബ്രഹാം വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു. രണ്ടാം ദിനമായ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ‘നവകേരള നിര്‍മ്മിതിയില്‍ സെക്രട്ടേറിയറ്റ് സര്‍വീസിന്റെ പങ്ക്’ എന്ന വിഷയത്തില്‍ സെമിനാര്‍ റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

Eng­lish Sum­ma­ry: KSSA Annu­al Conference
You may also like this video

Exit mobile version