Site iconSite icon Janayugom Online

സഞ്ജയ് കുമാറിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കാണിച്ചുള്ള ഇസിഐയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ സഞ്ജയ് കുമാറിന് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
20 വര്‍ഷക്കാലം രാജ്യത്തിനുവേണ്ടി സത്യസന്ധമായി ജോലി ചെയ്തിരുന്നയാളാണ് സഞ്ജയ്‌. തെറ്റ് മനസിലാക്കിയ ഉടന്‍ അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നതായി സഞ്ജയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. 2024ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഡാറ്റ തെറ്റായി വ്യാഖ്യാനിച്ചെന്നാരോപിച്ച് സഞ്ജയ് കുമാറിനെതിരെ നാഗ്പൂരിലും നാസിക്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഈ മാസം 17നാണ് ലോക്‌സഭ‑നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്രയിലെ രാം തെക്, ദേവ്‌ലാലി മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ യഥാക്രമം 38, 36 ശതമാനം കുറവുവന്നതായി സൂചിപ്പിക്കുന്ന ഡാറ്റ സഞ്ജയ് കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നീട് കണക്കില്‍ പിഴവുണ്ടെന്നും ക്ഷമിക്കണമെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചിരുന്നു.

Exit mobile version