സംസ്ഥാനത്തെ ആദ്യകാരവൻ ടൂറിസം പാക്കേജിന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) തുടക്കമിട്ടു. സംസ്ഥാന കാരവൻ ടൂറിസം പദ്ധതിക്ക് ഊർജമേകുന്ന ആകർഷകമായ ‘കാരവൻ ഹോളിഡെയ്സ്’ പാക്കേജ് വിനോദസഞ്ചാരികൾക്ക് പ്രകൃതിയോട് ഒത്തിണങ്ങിയ മികച്ച യാത്രാനുഭവമാണ് പ്രദാനം ചെയ്യുന്നത്. സൗജന്യ പ്രഭാതഭക്ഷണവും പാർക്കിങ്ങും ലഭ്യമാക്കുന്ന മിതമായ നിരക്കിലുള്ള പാക്കേജാണിത്.
ആഡംബര കാരവനുകളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ പാക്കേജിന് ഒരു സഞ്ചാരിക്ക് 3999 രൂപയും നികുതിയും യാത്രയ്ക്കും ഒരു രാത്രിയിലെ താമസത്തിനുമായി നൽകണം. ഇതിനുപുറമേ കിലോമീറ്ററിന് 40 രൂപ ക്രമത്തിൽ യാത്രാനിരക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഒരു കാരവനിൽ നാലു മുതിർന്നവർക്കും രണ്ടു കുട്ടികൾക്കും വരെ യാത്ര ചെയ്യാം.
ആദ്യഘട്ടത്തിൽ കുമരകം-വാഗമൺ‑തേക്കടി റൂട്ടാണ് പാക്കേജിന് തിരഞ്ഞെടുത്തിരിക്കുന്നത്. രാവിലെ കുമരകം കായലോരത്തു നിന്നും യാത്ര തുടങ്ങി 80–100 കിലോമീറ്ററോളം സുന്ദരകാഴ്ചകൾ ആസ്വദിച്ച് മധ്യകേരളത്തിലൂടെ യാത്രചെയ്ത് ഉച്ചയ്ക്കു ശേഷം വാഗമണ്ണിൽ എത്തും. വാഗമണ്ണിലെ കാരവൻ മെഡോസിൽ വിനോദസഞ്ചാരികൾക്ക് സൗജന്യ പാർക്കിങ്ങിനും ക്യാമ്പ് ഫയറിനും സൗകര്യമുണ്ട്.
അടുത്ത ദിവസം ഇക്കോടൂറിസം ഹബ്ബായ തേക്കടിയിലേക്ക് തിരിക്കും. അവിടെയുള്ള കെടിഡിസിയുടെ ഹോട്ടലുകളിൽ താമസിക്കാം. ഒരു ദിവസം തങ്ങിയുള്ള യാത്രയോ, മുഴുവൻ റൂട്ടിലേക്കുള്ള യാത്രയോ സഞ്ചാരികളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
സൗജന്യ വെജിറ്റേറിയൻ പ്രഭാതഭക്ഷണം, ലഘുഭക്ഷണം എന്നിവ കാരവനിലും പലഹാരം, ചായ, കോഫി എന്നിവ പാർക്കിലും നൽകും. ഇഡലി, ദോശ, അപ്പം, ഇടിയപ്പം, സാമ്പാർ, ചമ്മന്തി, പഴച്ചാറ്, റൊട്ടി, ബട്ടർ, ജാം, കോൺഫ്ളേക്ക്, പോറിഡ്ജ്, പൂരി ബാജി, സ്റ്റഫ്ഡ് പറോട്ട എന്നിവയും ലഭ്യമാക്കും.
English Summary: KTDC launches first caravan tourism package in the state
You may like this video also