ഉരുൾപൊട്ടലിൽ നിന്നും അതിജീവനത്തിന്റെ വഴികളിൽ മുന്നേറുന്ന വയനാടിന്റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാൻ കുടുംബശ്രീയുടെ പെൺകരുത്ത്.
സംസ്ഥാനമൊട്ടാകെയുളള അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ഈ മാസം 10, 11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 രൂപ.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയൽക്കൂട്ട അംഗങ്ങളും ഒരേ മനസോടെ കൈകോർത്തതാണ് ധനസമാഹരണം വേഗത്തിലാക്കിയത്. ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജൻസികൾ വഴി 2,05,000 രൂപയും സമാഹരിച്ചു. ഇതു പ്രകാരം ആകെ 20,07,00,682 രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറി. ഇതോടെ ആദ്യഘട്ട സമാഹരണം പൂർത്തിയായി. അയൽക്കൂട്ടങ്ങളിൽ രണ്ടാംഘട്ട ധനസമാഹരണം ഇപ്പോഴും ഊർജിതമാണ്. ഈ തുകയും വൈകാതെ കൈമാറും.
വീടും ജീവനോപാധികളും നഷ്ടമായവരെ സഹായിക്കുന്നതിനായി 10, 11 തീയതികളിൽ ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരിൽ കുടുംബശ്രീ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. വയനാടിന്റെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യം. പ്രകൃതിദുരന്തങ്ങളിൽ കേരളത്തിന് തുണയാകാൻ കുടുംബശ്രീ ഒന്നടങ്കം മുന്നോട്ടു വരുന്നത് ഇതാദ്യമല്ല. 2018 ൽ സംസ്ഥാനമൊട്ടാകെ ദുരിതം വിതച്ച പ്രളയക്കെടുതികളിൽ ദുരന്തബാധിതർക്ക് തുണയാകാൻ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്ന് 11.18 കോടി രൂപ നൽകിയിരുന്നു.