Site iconSite icon Janayugom Online

കുടുംബശ്രീ ‘മാ കെയർ സ്റ്റോർ’ സംസ്ഥാനതല ഉദ്ഘാടനം 22ന്

കുടുംബശ്രീയുടെ ‘മാ കെയർ സ്റ്റോർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മൂന്നു മണിക്ക് കരമന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ വിശിഷ്ടാതിഥിയാകും. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി വി അനുപമ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാനത്ത് മുഴുവൻ സ്കൂളുകളിലും ‘മാ കെയർ’ സ്റ്റോറുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതാണ് മാ കെയർ പദ്ധതി. ഇവയെല്ലാം സ്കൂൾ കോമ്പൗണ്ടിനുളളിൽ തന്നെ ലഭ്യമാക്കിക്കൊണ്ട് കുട്ടികൾ പുറത്ത് പോകുന്നതും അപരിചിതരുമായി ഇടപെടുന്നത് ഒഴിവാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. 

കുടുംബശ്രീ വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതോടൊപ്പം ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിലൂടെ ആദ്യഘട്ടത്തിൽ കുറഞ്ഞത് 5,000 വനിതകൾക്കെങ്കിലും മികച്ച ഉപജീവനമാർഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കണ്ണൂരിലും കാസർകോടും ആരംഭിച്ച പദ്ധതിക്ക് ഇതിനകം വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മാ കെയർ സ്റ്റോറുകൾ നടത്താൻ താല്പര്യമുള്ള സംരംഭകരെ സിഡിഎസിന്റെ പിന്തുണയോടെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളും നിലവിൽ ഊർജിതമാണ്.

Exit mobile version