Site iconSite icon Janayugom Online

ആടിപ്പാടി അവര്‍ പറഞ്ഞു, പാതിഭൂമി ഞങ്ങടേത്

kalajadhakalajadha

പാതി ഭൂമി ഞങ്ങടേതെന്ന് പാടിയെത്തിയത് 25 മുതൽ 60 വയസുവരെ പ്രായമുള്ള സ്ത്രീകൾ. അവർ പാടുകയും ആടുകയും അഭിനയിക്കുകയും ചെയ്തു. മാറ്റം വരുത്തേണ്ട സാമൂഹ്യവ്യവസ്ഥയെക്കുറിച്ചായിരുന്നു അവരുടെ ഓരോ പാട്ടും. അരങ്ങ് മാത്രമല്ല അണിയറയും കയ്യടക്കിയത് സ്ത്രീകൾ. സ്റ്റേജ് സെറ്റിങ്ങും ലൈറ്റ് ആന്റ് സൗണ്ട് നിയന്ത്രണവുമെല്ലാം സ്ത്രീകൾ തന്നെ. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാനതല പരിശീലന കളരിയായിരുന്നു 23 മുതൽ 26 വരെ തൃശൂർ കിലയിൽ. അഭിനയ പാരമ്പര്യമോ പുരസ്കാരങ്ങളോ അവകാശപ്പെടാനില്ലാത്ത സാധാരണക്കാരായ വീട്ടമ്മമാരുൾപ്പെടെയുള്ള സ്ത്രീകൾ വേദിയിലെത്തിയത് പ്രൊഫഷണൽ മികവോടെ.

ജില്ലയിൽ നിന്നും മൂന്ന് പേർ എന്ന നിലയിൽ എല്ലാ ജില്ലകളിൽ നിന്നുമായി തെരഞ്ഞെടുത്ത 42 കുടുംബശ്രീ വനിതകൾക്കാണ് നാടകക്കളരി. കലാജാഥയുടെ രണ്ടാം ഘട്ട പരിശീലനമാണ് കിലയിൽ സംഘടിപ്പിച്ചത്. ആദ്യഘട്ട കളരിയിലെ തിരക്കഥ ക്യാമ്പിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളാണ് നാടകമായി ഇന്നലെ അരങ്ങിലെത്തിയത്.

കരിവെള്ളൂർ മുരളിയാണ് സംസ്ഥാന പരിശീലന കളരിയുടെ ഡയറക്ടർ. ‘പെൺകാലം, ’ ‘സദസിൽ നിന്നും അരങ്ങിലേക്ക്’, ‘അത് ഞാൻ തന്നെയാണ്’ എന്നീ മൂന്ന് നാടകങ്ങളും ‘പാടുക ജീവിതഗാഥകൾ’, ‘പെൺ വിമോചന കനവുത്സവം’ എന്നീ സംഗീത ശില്പങ്ങളുമാണ് ഒന്നര മണിക്കൂർ നേരത്തെ കലാ ജാഥയിലെ അവതരണങ്ങൾ.

ഒരു ജില്ലയിൽ 50 കേന്ദ്രങ്ങളിലാണ് കലാജാഥയുടെ അവതരണം നടക്കുക. 160 ഓളം സ്ത്രീകളാണ് കലാജാഥയിൽ പങ്കെടുക്കുക. സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്നതിനായി എല്ലാ ജില്ലകളിലും 12 അംഗങ്ങളുള്ള കുടുംബശ്രീ കലാട്രൂപ്പുകളുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി മൂന്ന് റീജിയണൽ ക്യാമ്പുകളും സംഘടിപ്പിക്കും. സംസ്ഥാനതല പരിശീലന കളരിക്ക് നേതൃത്വം നൽകിയവർക്കൊപ്പം രണ്ട് ഘട്ടങ്ങളിലായുള്ള കലാ പരിശീലനം പൂർത്തിയാക്കിയ 42 പേരും തങ്ങളുടെ ജില്ലയിലെ സംഘങ്ങൾക്ക് പരിശീലനം നൽകും. സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദൻ മാർച്ച് 8ന് കോഴിക്കോട്ട് നിർവഹിക്കും.

 

Eng­lish Sum­ma­ry: They said, “Half the land is ours

 

You may like this video also

Exit mobile version