Site iconSite icon Janayugom Online

കുടുംബശ്രീ രജതജൂബിലി നിറവിൽ: രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 17ന്‌

kudumbasreekudumbasree

സ്ത്രീശാക്തീകരണ, ദാരിദ്ര്യ നിർമാർജന മേഖലകളിൽ സംസ്ഥാനത്തിന്റെ അഭിമാനമായ കുടുംബശ്രീ രജതജൂബിലി നിറവിൽ. ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക്‌ 17ന് തുടക്കമാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 17ന്‌ രാവിലെ 10ന് തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം വി ഗോവിന്ദൻ നിര്‍വഹിക്കും. മന്ത്രിമാരായ ഡോ. ആർ ബിന്ദു, ജെ ചിഞ്ചു റാണി, വീണാ ജോർജ്ജ്, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരുടെ സംഗമവും നടക്കും. വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടക്കും.

45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്റെ അതിശക്തമായ മുന്നേറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദാരിദ്ര്യ ലഘൂകരണത്തിനായി അവരുടെ പങ്കാളിത്തത്തോടെ മിതവ്യയം അടിസ്ഥാനമാക്കി വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന നയപരിപാടിയുമായാണ് കുടുംബശ്രീ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ആഹാരം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പങ്കാളിത്തം, വരുമാനം തുടങ്ങിവയായിരുന്നു കുടുബശ്രീയുടെ ലക്ഷ്യം.
സംസ്ഥാനത്ത് നിലവിൽ മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 45.85 ലക്ഷം പേര്‍ കുടുംബശ്രീയിൽ അംഗമാണ്. ഉപജീവന മാർഗത്തിനായി സൂക്ഷ്മ സംരംഭങ്ങൾ നടപ്പാക്കൽ, അയൽക്കൂട്ടങ്ങളിലെ സമ്പാദ്യവും വായ്പയും, ഗ്രാമസഭകളിലെ പങ്കാളിത്തം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കൽ, സുരക്ഷ ഉറപ്പാക്കൽ എന്നിവയിലൂടെ സ്ത്രീകളുടെ സാമൂഹിക ഇടപെടൽ ശേഷിയും കാര്യശേഷിയും വർധിപ്പിച്ച് സ്ത്രീ കേന്ദ്രീകൃത നൂതന പങ്കാളിത്ത സമീപനമാണ് കുടുംബശ്രീ കാഴ്ചവച്ചതെന്നും മന്ത്രി പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം ഡോക്യുമെന്റ് ചെയ്ത് ജനങ്ങളിലെത്തിക്കും. കുടുംബശ്രീയെക്കുറിച്ചു പഠനം നടത്തിയവരെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സെമിനാർ, സർഗോത്സവം, രജതജൂബിലി പച്ചത്തുരുത്തുകൾ, സ്ത്രീ പദവിയും ലിംഗനീതിയും സംബന്ധിച്ച വികസന പഠനോത്സവം, എല്ലാ സിഡിഎസുകളിലും ഒരേ ദിവസം വികസന സെമിനാറുകൾ, കുടുംബശ്രീ ഫെലോഷിപ്പ് പ്രോഗ്രാം, കലാലയങ്ങളിൽ കുടുംബശ്രീ സെമിനാറുകൾ, മുൻകാല പ്രവർത്തകരുടെ കൂട്ടായ്മകൾ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകളെ ആദരിക്കൽ, കലാകായിക മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും.
കുടുംബശ്രീ പ്രസ്ഥാനത്തിന്റെ അറിവും അനുഭവങ്ങളും മാതൃകകളും നേട്ടങ്ങളും വൈജ്ഞാനിക കേരള സൃഷ്ടിക്കു വേണ്ടി പങ്കുവയ്ക്കും. സ്ത്രീകളുടെ പൊതുപങ്കാളിത്തവും തൊഴിൽ പങ്കാളിത്തവും വർധിപ്പിക്കുന്നതിനും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി സ്ത്രീപക്ഷ നവകേരളത്തിന്റെ തുടർ പ്രവർത്തനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ, ഗവേണിങ്‌ ബോഡി അംഗം ഗീത നസീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Kudum­bas­ree Sil­ver Jubilee in full swing

You may like this video also

Exit mobile version