ഏഴ് തരം കുറ്റകൃത്യങ്ങൾ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്രൈംമാപ്പിങ് ആരംഭിച്ചു. കുറ്റകൃത്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയാനുള്ള പദ്ധതികളാണ് ഇതിലൂടെ ആവിഷ്കരിക്കുന്നത്.
സ്ത്രീപക്ഷ നവകേരളത്തിനായി കുടുംബശ്രീ നടപ്പിലാക്കുന്ന പരിപാടികളുടെ ഭാഗമാണിത്. കുറ്റകൃത്യങ്ങൾ കൂടുന്നയിടങ്ങളുടെയും സാഹചര്യങ്ങളുടെയും സാധ്യതാ കേന്ദ്രങ്ങളെ കണ്ടെത്താൻ പദ്ധതിയിലൂടെ കഴിയും. സംസ്ഥാനത്തെ ഓരോ ബ്ലോക്ക് പഞ്ചായത്തിലെയും ഒരു സി ഡി എസിൽ വീതമാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം-വീടിനുള്ളിലും പുറത്തും, സാമൂഹികം, വാചികം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ. കുറ്റകൃത്യ രീതിയിൽ വിശകലനം ചെയ്യുന്നതിന് വിദഗ്ധർ സ്വീകരിക്കുന്ന ക്രൈംമാപ്പിങ്ങിൽ പങ്കാളിയാകുകയാണ് കുടുംബശ്രീ പ്രവർത്തകർ.
കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലം, സന്ദർഭം എന്നിവ കണ്ടെത്തി ആ സാഹചര്യം വിലയിരുത്തി കുറ്റകൃത്യം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായാണ് പരിപാടി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ വിശദമായ സർവേ നടത്താനായി പരിശീലകരുടെ തയാറെടുപ്പുകൾ ഇതിനോടകം പൂർത്തിയാക്കി. തുടക്കത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളെ കേന്ദ്രീകരിച്ച് പ്രശ്നങ്ങളുടെ രേഖപ്പെടുത്തലാണ് ആദ്യം നടത്തുന്നത്.
സ്ത്രീകളായിരിക്കും ആദ്യഘട്ടത്തിൽ സർവേയിൽ പങ്കെടുക്കുക. തുടർന്ന് വിവരങ്ങൾ ക്രോഡീകരിച്ച് തദ്ദേശസ്ഥാപനത്തിൽ റിപ്പോർട്ട് സമർപ്പിക്കുകയും പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയും. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹായവും നേടും. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനൊപ്പം ഗാർഹിക പീഡനത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ധാരണയില്ലാത്ത സ്ത്രീകൾക്ക് പ്രത്യേക ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും.
English Summary: Kudumbasree with crime mapping to prevent crime
You may like this video also