Site iconSite icon Janayugom Online

കുക്കുടു സായിപ്പും രാജീവ് ചന്ദ്രശേഖറും!

RajeevRajeev

പഴമക്കാര്‍ പറഞ്ഞുകേട്ട സംഭവ കഥയാണ്. ഞങ്ങളുടെ കണിയാപുരത്ത് പണ്ട് ഒരു ആംഗ്ലോ ഇന്ത്യന്‍ സായിപ്പ് വരുമായിരുന്നു. സായിപ്പ് എന്നു പറഞ്ഞാല്‍ പളപളപ്പുള്ള വെള്ളക്കാരനൊന്നുമല്ല; ‘വ്യാജ സത്യഭാമ’പറഞ്ഞപോലെ ഒരു കറുമ്പന്‍. അന്ന് തലസ്ഥാനത്തെ ആംഗ്ലോ ഇന്ത്യക്കാരുടെ കേന്ദ്രീകരണമുള്ള കുന്നുകുഴിയില്‍ നിന്നാണ് വരവ്. പണ്ടെങ്ങാണ്ടോ തയ്പിച്ച ഒരു കളസം. ഏണസ്റ്റ് ഹെമിങ്‌വേയുടെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുംവിധം ഒന്നിനു മുകളില്‍ ഒന്നായി കുറേ കോട്ടുകള്‍ വാരിയണിഞ്ഞിട്ടുണ്ടാവും. കുക്കുടു വണ്ടിയിലാണ് സഞ്ചാരം. ബൈക്ക് എന്നും സ്കൂട്ടറെന്നുമൊന്നും പറയാന്‍ മാലോകര്‍ക്കറിയില്ല. അതുകൊണ്ട് ആ ശകടത്തിന് അവരിട്ട പേരാണ് കുക്കുടു വണ്ടി. ‘കുടുകുടുകുക്കുടു’ എന്ന് ഒച്ചവച്ച് സായിപ്പ് തന്റെ പുണ്യപുരാതന വാഹനത്തില്‍ എഴുന്നള്ളുന്നതു കാണാന്‍ ആബാലവൃദ്ധം ചെമ്മണ്‍ പാതവക്കില്‍ തടിച്ചുകൂടും. ആളെ കാണുന്ന ഗമയില്‍ സായിപ്പ് ശകടത്തിന്റെ വേഗം കൂട്ടും. പക്ഷേ, പൊട്ടലും ചീറ്റലുമല്ലാതെ അതിന്റെ വേഗം കൂടില്ല! പുത്തന്‍തോപ്പില്‍ പാര്‍വതീ പുത്തനാറില്‍ നിന്ന് ചൂണ്ടയിട്ട് മീന്‍പിടിക്കുന്ന കുക്കുടു സായിപ്പ് ഒന്നോരണ്ടോ മുഴുത്ത മീനെടുത്തശേഷം ബാക്കിയെല്ലാം നാട്ടാര്‍ക്കു സമ്മാനിച്ചു മടങ്ങും. കുറേക്കാലം കഴിഞ്ഞ് സായിപ്പ് വരാതായി. തട്ടിപ്പോയിട്ടുണ്ടാകുമെന്നു കരുതി ജനം അന്വേഷണം നിര്‍ത്തി. എങ്കിലും ഒരു വേന്ദ്രന്‍ കുറേക്കാലം കഴിഞ്ഞ് കുന്നുകുഴിയിലെത്തി മരണം സ്ഥിരീകരിച്ചു. അവിടെയും അന്വേഷണം തീര്‍ന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ സായിപ്പിന്റെ കുക്കുടു വണ്ടിയെക്കുറിച്ച് തിരക്കിയപ്പോള്‍ ബംഗളൂരുവിലെ ഒരു ദരിദ്രവാസി അത് 10,000 രൂപയ്ക്ക് വാങ്ങിക്കൊണ്ടുപോയെന്നറിഞ്ഞു. ഒരന്വേഷണാത്മക പത്രപ്രവര്‍ത്തകനെപ്പോലെ ആ കണിയാപുരത്തുകാരന്റെ യാത്ര പിന്നീട് ആ കുക്കുടുവണ്ടിയിലേക്കായി. അപ്പോഴല്ലേ അറിയുന്നത് കുക്കുടുവണ്ടി വാങ്ങിയ ദരിദ്രവാസി രാജീവ് ചന്ദ്രശേഖരനാണെന്ന്. 7,500 കോടിയുടെ സ്വത്തുള്ള രാജീവ് ചന്ദ്രശേഖര്‍ തലസ്ഥാനത്തുനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തനിക്ക് ആകെയുള്ള വാഹനം ഒരു പഴഞ്ചന്‍ കുക്കുടുവണ്ടി മാത്രമാണെന്ന് പറഞ്ഞിരിക്കുന്നത്. ഉന്തുവണ്ടിയില്‍ കപ്പലണ്ടി വിറ്റുനടക്കുന്ന ദരിദ്രവാസിക്കു പോലും 1,000 രൂപയെങ്കിലും നികുതി കൊടുക്കേണ്ട നാട്ടില്‍, രാജീവ് ചന്ദ്രശേഖര്‍ എന്ന പരമ ദരിദ്രവാസി നികുതിയടച്ചത് വെറും 680 കോടി. വിദേശ രാജ്യങ്ങളില്‍ കോടാനുകോടി നിക്ഷേപമുണ്ടെങ്കിലും സദാ ‘ദാരിദ്ര്യ ദുഃഖശമനായ നമഃശിവായ’ എന്ന മന്ത്രം ഉരുവിട്ടു നടക്കുന്ന ദരിദ്ര കുശ്‌മാണ്ഡം. ഫെറാറി, ലംബോര്‍ഗിനി, ബിഎംഡബ്ല്യു തുടങ്ങിയ 200 കോടി രൂപയുടെ കാറുകള്‍ ഉണ്ടെങ്കിലും തനിക്ക് സ്വന്തം ഈ പുരാതന കുക്കുടു വണ്ടി മാത്രമെന്ന് ടിയാന്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍. സ്വന്തം വിമാനമുണ്ടെങ്കിലും അതൊന്നും ‘അസത്യ’വാങ്മൂലത്തിലില്ല. ഇതിനെ സമ്പാദ്യം മറച്ചുവയ്ക്കലെന്നു പറയരുത്. കുക്കുടുവിലൂടെ വിനയാന്വിതനാവുന്ന മഹാ കോടീശ്വരന്‍. ഇതിനെയാണ് പണ്ടുള്ളവര്‍ ‘താഴ്മതാന്‍ അഭ്യുന്നതി’ എന്ന് പറഞ്ഞത്!

 


ഇതുകൂടി വായിക്കൂ: സൈനിക് സ്കൂളുകളുടെ കാവിവല്‍ക്കരണം


ഇനി മറ്റൊരു വാഹന കഥ. മൂന്നാഴ്ച മുമ്പ് ഡല്‍ഹിയില്‍ മോഡിയുടെ മൂക്കിനു താഴെനിന്ന് ഒരു ഫോര്‍ച്യൂണര്‍‍ ആഡംബര കാര്‍ മോഷണം പോയി. രാജീവ് ചന്ദ്രശേഖറെപ്പോലുള്ള ഒരു ദരിദ്രവാസിയുടെ കാറായിരുന്നില്ല അത്. ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ പ്രിയതമയുടെ കാര്‍. ലോകത്തെ ഏറ്റവും സുരക്ഷിത നഗരമെന്ന് മോഡി വീമ്പിളക്കുന്ന ഇന്ദ്രപ്രസ്ഥത്തില്‍ നിന്നാണ് മോഡിയുടെ കൈക്കാരന്‍ നഡ്ഡയുടെ പൊണ്ടാട്ടിയുടെ ശകടം ആരോ പൊക്കിയത്. മൂന്നാഴ്ച കഴി‍ഞ്ഞ് കാര്‍ കണ്ടുകിട്ടിയത് വാരാണസിയില്‍ നിന്ന്! മോഡിയുടെ തട്ടകമായ വാരാണസിയില്‍ കാര്‍ കണ്ടെത്തിയതിനെക്കുറിച്ച് എന്‍ഐഎയും സിബിഐയും അന്വേഷണം നടത്തണമെന്ന് ജനം ആര്‍പ്പുവിളിക്കുന്നു. ചോദ്യങ്ങളും സംശയങ്ങളുമെല്ലാം തമാശയായി തള്ളാം. പക്ഷേ, പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ അധ്യക്ഷന്റെ ഭാര്യയുടെ കാര്‍ മോഷണം പോകുന്നതില്‍ രാജ്യസുരക്ഷിതത്വത്തിന്റെ ചോദ്യം പോലും അന്തര്‍ഭവിച്ചിട്ടില്ലേ?
കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചുകഴിഞ്ഞാല്‍ നേരേ ബിജെപിയിലേക്ക് ചാടുന്ന നാട്ടാചാരം വിശ്വപൗരന്‍ ശശി തരൂരും പ്രാവര്‍ത്തികമാക്കുമോ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. വീണ്ടും മോഡി അധികാരത്തില്‍ വന്നാല്‍ വിദേശകാര്യ മന്ത്രിയാക്കണം എന്ന് ബിജെപിയുമായി ധാരണയിലെത്തിയ ശേഷമാണ് തരൂര്‍ തിരുവനന്തപുരത്തു നിന്നും ജനവിധി തേടുന്നതെന്ന, പൊട്ടിത്തെറിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരിക്കേതന്നെ തരൂരിനെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച വിമത സ്ഥാനാര്‍ത്ഥി കെ എസ് ഷൈന്‍കുമാര്‍. കൂടെക്കിടന്നവനല്ലേ രാപ്പനിയറിയൂ! കോണ്‍ഗ്രസ് നേതൃത്വത്തിനുതന്നെ ഇക്കാര്യം അറിയാമായിരുന്നുവെന്നും ഷൈന്‍ പറയുന്നു. അതിനാല്‍ ബിജെപിയാകാന്‍ പോകുന്ന തരൂരിന് വോട്ടുചെയ്ത് കോണ്‍ഗ്രസുകാര്‍ വോട്ട് പാഴാക്കരുതെന്ന് പറയുന്ന ഷൈന്‍ പാടുന്നു; ‘ഒന്നിന്നുമില്ല നില, ഉന്നതമായ കുന്നു-മെന്നല്ല ആഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍’. കത്തിയമരാന്‍ പോകുന്ന മോഡിയെയും തരൂരിനെയും കുറിച്ചുള്ള പാട്ട്! മോഡിയും സംഘ്പരിവാറും ചേര്‍ന്ന് ചരിത്രത്തെ വക്രീകരിക്കുന്ന ഈ കെട്ടകാലത്ത് ചരിത്രത്തിലെ ഇതിഹാസോജ്വലമായ സംഭവങ്ങളെയും നാം ഓര്‍ത്തുവച്ച് തിരിച്ചടിക്കേണ്ടതുണ്ട്. സ. തോപ്പില്‍ഭാസിയുടെ 100-ാം പിറന്നാളായിരുന്നു ഇന്നലെ. അവസാനശ്വാസം വരെ സിപിഐ നേതാവും നിയമസഭാംഗവും നാടകകാരനും എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായിരുന്ന ഈ മഹാപ്രതിഭയുടെ 100-ാം ജന്മദിനത്തില്‍ ‘ജനയുഗ’വും അത്യപൂര്‍വം മാധ്യമങ്ങളുമല്ലാതെ ഭാസിയെ ആരോര്‍ത്തുവെന്നത് ഇരുത്തി ചിന്തിക്കേണ്ട വിഷയം. അരങ്ങിലൂടെ മലയാളക്കരയില്‍ ഒരു രാഷ്ട്രീയ സാംസ്കാരിക കൊടുങ്കാറ്റഴിച്ചുവിട്ട നവോത്ഥാന നായകന്‍ കൂടിയായിരുന്നു തോപ്പില്‍ഭാസി. സഖാവിനെ സിപിഐക്കാരന്‍ മാത്രമായി ചുരുക്കിക്കെട്ടിയവര്‍ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന അദ്ദേഹത്തിന്റെ നാടകത്തിലേക്ക് ഓര്‍മ്മകള്‍ പായിക്കുക. ജീവിതംതന്നെ പോരാട്ടമാക്കിയ അദ്ദേഹം ആ ഒരൊറ്റ നാടകം കൊണ്ട് മലയാള മനസിനെ ചുവപ്പിച്ചതിന് നാം നന്ദിപറയുക, നമോവാകമര്‍പ്പിക്കുക. ബ്രിട്ടീഷ് കോയ്മയ്ക്കെതിരെ പോരാടിയ ഭഗത്‌സിങ്ങും ചന്ദ്രശേഖര്‍ ആസാദും കേന്ദ്ര നിയമനിര്‍മ്മാണ സഭയില്‍ ബോംബെറിഞ്ഞ് ഇന്ത്യയുടെ ക്ഷുഭിത യൗവനത്തിന്റെ പോരാട്ടവീര്യം തെളിയിച്ചതിന്റെ വാര്‍ഷികവും ഇന്നലെയായിരുന്നു. ബോംബേറിനു ശേഷം അവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. പിന്തിരിഞ്ഞോടാതെ അറസ്റ്റുവരിച്ച ഭഗത്‌സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും തൂക്കുമരത്തിലേറ്റിയാണ് ബ്രിട്ടീഷുകാര്‍ പകരം വീട്ടിയത്. ചരിത്രം തിരുത്തിക്കുറിച്ച ബോംബാക്രമണം ഇന്നലെ എത്രപേര്‍ ഓര്‍മ്മിച്ചു. ഓര്‍മ്മകളുണ്ടായിരിക്കണം‍.…

Exit mobile version