Site icon Janayugom Online

കുട്ടികള്‍ക്ക് തുണയായി ‘കുഞ്ഞാപ്പ്’ ഇന്നെത്തും

kujnapp

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ബാലസംരക്ഷണ മൊബൈല്‍ ആപ്പ് ‘കുഞ്ഞാപ്പ്‘ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. വൈകുന്നേരം 3.30ന് കോവളം വെള്ളാര്‍ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും.
ബാലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വനിത ശിശുവികസന വകുപ്പ് കുഞ്ഞാപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. ഈ ആപ്പിലൂടെ ഏതൊരു വ്യക്തിക്കും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ക്കായി ജില്ലാതലത്തില്‍ ഒരു റാപിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു അടിയന്തരമായി ഇടപെടാനുള്ള നടപടികള്‍ വനിത ശിശു സംരക്ഷണ, പൊലീസ്, വിദ്യാഭ്യാസ, തദ്ദേശ ഭരണ വകുപ്പുകളുടെ സ്വയം ഏകോപനത്തോടെ സ്വീകരിക്കും.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, ചൂഷണം, അപകടകരമായ തൊഴില്‍, കടത്തല്‍ തുടങ്ങിയ നിരവധി അപകട സാധ്യതകളുള്ള സാഹചര്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും ശരിയായ സമയത്ത് ശരിയായ തരത്തിലുള്ള വിവരങ്ങള്‍, സേവന സംവിധാനങ്ങള്‍ എന്നിവ പരിചയപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉടനടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു സംരക്ഷണം നല്‍കേണ്ടതുമുണ്ട്. ഇതിനായി സ്മാര്‍ട്ട് ഫോണുകളുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് വനിതാ ശിശു വികസന വകുപ്പ് മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ആപ്പ് തയാറാക്കിയത്.

Eng­lish Sum­ma­ry: ‘Kun­jaap’ will reach today as a help to children

You may like this video also

Exit mobile version