Site iconSite icon Janayugom Online

കുറുവങ്ങാട് ക്ഷേത്രം അപകടം; ഒരു മരണം ആനയുടെ ചവിട്ടേറ്റ്

കൊയിലാണ്ടി കുറുവങ്ങാട് ആനയിടഞ്ഞുണ്ടായ അപകടത്തിൽ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റാണെന്നും രണ്ട് മരണങ്ങൾ കെട്ടിടം തകര്‍ന്നുവീണാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ദാരുണസംഭവത്തിൽ വട്ടാങ്കണ്ടിത്താഴ ലീല, താഴേത്തേടത്ത് അമ്മുക്കുട്ടിയമ്മ, വടക്കയിൽ രാജൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ ലീല ആനയുടെ ചവിട്ടേറ്റും അമ്മുക്കുട്ടി അമ്മയും രാജനും കെട്ടിട ഭാഗങ്ങൾ ദേഹത്തുവീണുമാണ് മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രാജന് ആന്തരിക രക്തസ്രാവം ഉണ്ടായി. അമ്മുക്കുട്ടി അമ്മയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റുവെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നുപേരുടേയും മൃതദേഹം വീട്ടിലെത്തിച്ച് സംസ്കാരം നടത്തി. പരിക്കേറ്റവർ അപകടനില തരണം ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളത്. 

പാപ്പാൻമാരുടെ മൊഴികളിലും മറ്റും പടക്കം പൊട്ടിയതാണ് പ്രകോപനകാരണം എന്നു പറയുന്നുണ്ടെങ്കിലും വനംവകുപ്പ് അത് നിഷേധിച്ചു. തിടമ്പേറ്റി വരികയായിരുന്ന പീതാംബരൻ എന്ന ആനയെ മറികടന്ന് ഗോകുൽ എന്ന ആന പോകാൻ ശ്രമിച്ചതാണ് രണ്ട് ആനകളും തമ്മിൽ കൊമ്പുകോര്‍ക്കാന്‍ കാരണം. ലഭ്യമായ ദൃശ്യങ്ങൾ പരിശോധിച്ചാണ് വനംവകുപ്പ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്. ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള രണ്ട് ആനകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ എല്ലാം കൃത്യമായിരുന്നുവെന്നും വനംവകുപ്പ് പറയുന്നു. 

അതേസമയം ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദേശം ലംഘിക്കപ്പെട്ടതായി റവന്യു വകുപ്പ് പറയുന്നു. ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാകുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇരു റിപ്പോർട്ടുകളും മന്ത്രി എ കെ ശശീന്ദ്രന് കൈമാറും. നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകൾ ഇടഞ്ഞത്. സംഭവത്തിൽ മൂന്നുപേർ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Exit mobile version