Site icon Janayugom Online

കച്ച് മയക്കുമരുന്ന് കടത്തുകേന്ദ്രം; അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയത് 6000 കിലോഗ്രാം മയക്കുമരുന്ന്

അഞ്ച് വര്‍ഷത്തിനിടയില്‍ ഗുജറാത്തിലെ കച്ച് തീരത്തുനിന്ന് മാത്രം പിടിച്ചെടുത്തത് 6000 കിലോഗ്രാമിലധികം മയക്കുമരുന്ന്.
വിപണിയില്‍ 37,580 കോടി വിലവരുന്ന മയക്കുമരുന്നാണ് ഇക്കാലയളവില്‍ പിടിച്ചെടുത്തത്. ഈ മാസം ഗാന്ധിഗ്രാമില്‍ നിന്നും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഡയറക്ടറേറ്റ് ഓഫ് റവന്യു (ഡിആര്‍ഐ) ഇന്റലിജന്‍സും പിടിച്ചെടുത്ത 5000 കോടിയുടെ മയക്കുമരുന്നും ഇന്ന് പിടികൂടിയ 1439 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും എടിഎസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇന്നലെ 280 കോടി രൂപ വിപണിമൂല്യമുള്ള 50 കിലോ ഹെറോയിനുമായി പാക് ബോട്ടും പിടികൂടിയിരുന്നു. 2018 മുതല്‍ ഇതുവരെ 5,310 കിലോഗ്രാം ഹെറോയിനാണ് കച്ചില്‍ നിന്നും മാത്രം പിടിച്ചെടുത്തത്. കൂടാതെ മറ്റ് മയക്കുമരുന്നുകളും കണ്ടെെടുത്തിട്ടുണ്ട്. 

ഇന്ന് കാണ്ട്‌ല തുറമുഖത്ത് എത്തിയ 17 കണ്ടെയ്നറുകളില്‍ നിന്നായി 205.6 കിലോ ഹെറോയിനാണ് പിടികൂടിയത്. കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്ത കമ്പനിയുടെ ഉടമയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച കാണ്ട്‌ല തുറമുഖത്തു നിന്നും 1600 കോടി മൂല്യം വരുന്ന 260 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. 

ജിപ്സം പൗഡര്‍ എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 300 കിലോ ഹെറോയിന്‍ ആണ് ഗാന്ധിഗ്രാമില്‍ നിന്നും പിടിച്ചെടുത്തത്. ജനുവരിയില്‍ മത്സ്യബന്ധനബോട്ടില്‍ നിന്ന് അഞ്ച് പാക് പൗരന്മാര്‍ക്കൊപ്പം 35 കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗുജറാത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ട നടന്നത്. മുന്ദ്ര തുറമുഖത്തുനിന്നും 21,000 കോടി മൂല്യം വരുന്ന 2998 കിലോഗ്രാം ഹെറോയിന്‍ ആണ് അന്ന് ഡിആര്‍ഐ പിടിച്ചെടുത്തത്. ഇതേവര്‍ഷം ഏപ്രിലില്‍ 30 കിലോ ഹെറോയിനുമായി എത്തിയ പാക്ബോട്ടും പിടിച്ചെടുത്തിരുന്നു. 

2019 മാര്‍ച്ചില്‍ 100 കിലോയുമായി ഒമ്പത് ഇറാനിയന്‍ പൗരന്മാര്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിയിരുന്നു. ഹെറോയിന്‍ കടലിലേക്ക് എറിഞ്ഞ പ്രതികള്‍ പിന്നീട് ബോട്ട് അഗ്നിക്കിരയാക്കുകയും ചെയ്തു. 2018 ഓഗസ്റ്റില്‍ അഞ്ച് പാക്കറ്റുകളിലായി ഹെറോയിനുമായി ജം സലായയില്‍ നിന്നെത്തിയ രണ്ട് പേരെ പിടികൂടിയിരുന്നു. പാകിസ്ഥാനില്‍ നിന്നെത്തിച്ച 100 കിലോ ഹെറോയിനാണ് അന്ന് പിടിച്ചെടുത്തത്. 

Eng­lish Summary:Kutch drug traf­fick­ing center
You may also like this video

Exit mobile version