Site iconSite icon Janayugom Online

കുട്ടനാടൻ താറാവ് ഇനി താരം

കുട്ടനാടൻ താറാവു പെരുമ ഇനി ദേശീയ ശ്രദ്ധയിൽ. ഇന്ത്യയുടെ ഔദ്യോഗിക താറാവിനമായി കുട്ടനാടിന്റെ ചാരയെയും ചെമ്പല്ലിയെയും തെരഞ്ഞെടുത്തു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സസാണ് ഈ അംഗികാരം നല്‍കിയത്. രാജ്യത്തിന്റെ ഏഴാമത്തെ താറാവിനമായാണ് കുട്ടനാടൻ താറാവുകളെ അംഗീകരിച്ചതെന്ന് കേരള വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും മേധാവിയുമായ ഡോ. എസ് ഹരികൃഷ്ണൻ പറഞ്ഞു. കുട്ടനാടൻ താറാവിനൊപ്പം രാജ്യത്തെ മറ്റ് നാല് താറാവിനങ്ങൾക്കു കൂടി അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഝാർഖണ്ഡിൽ നിന്നുള്ള കോഡോ, ഒഡീഷയിൽ നിന്നുള്ള കുടു, മണിപ്പുരിന്റെ മണിപ്പൂരി, അസാമിൽ നിന്നുള്ള നാഗി എന്നിവയാണ് മറ്റു ഇനങ്ങൾ. വർഷം 90 മുട്ടകൾ മാത്രമാണ് കോഡോയുടെ ഉല്പാദനക്ഷമത. മണിപ്പുരിക്ക് 130, കുടുവിനു 149,നാഗിക്ക് 180 മുട്ടകൾ എന്നിങ്ങനെ ഉല്പാദന ക്ഷമതയുണ്ട്. ഈ അഞ്ചു താറാവിനങ്ങളിൽ ഏറ്റവും ഉയർന്ന ഉല്പാദനം കൊണ്ട് താരമാകുന്നതും വർഷത്തിൽ ഇരുനൂറിൽപരം മുട്ടകളിടുന്ന കുട്ടനാടൻ താറാവുകൾ തന്നെ. പാറ്റി, മൈഥിലി, ആന്തമാനി, ത്രിപുരേശ്വരി എന്നിങ്ങനെ നാല് അംഗീകൃത താറാവിനങ്ങളാണ് ഇന്ത്യയിൽ ഇതിനുമുമ്പുണ്ടായിരുന്നത്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രധാനമായും കുട്ടനാടൻ താറാവുകളെ പരിപാലിച്ചു പോരുന്നത്. പതിനെട്ടു ലക്ഷത്തോളം കുട്ടനാടൻ താറാവുകൾ കേരളത്തിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. തവിട്ടു നിറത്തിൽ കറുപ്പ് നിറം കൂടുതലുള്ള ചാര, ഇളം തവിട്ടു നിറത്തിലുള്ള ചെമ്പല്ലി എന്നിങ്ങനെ രണ്ട് ഉപ ഇനങ്ങളാണ് കുട്ടനാടൻ താറാവുകളിലുള്ളത്.

ശരാശരി 1.6 കിലോ മുതൽ രണ്ടു കിലോ വരെ തൂക്കം വരുന്ന കുട്ടനാടൻ താറാവുകൾ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഉല്പാദനക്ഷമതയുള്ള നാടൻ താറാവിനമാണ്. വർഷത്തിൽ ഇരുനൂറിൽപ്പരം മുട്ടകളിടുന്ന ഇവ ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പ്രസിദ്ധവുമാണ്. മുട്ടകൾ വലിപ്പമേറിയതും ശരാശരി 70 ഗ്രാം ഭാരമുള്ളവയുമാണ്.

Exit mobile version