Site iconSite icon Janayugom Online

കുട്ട്യേ, ആത്മഹത്യയ്ക്കൊരുങ്ങുകയാണോ?

poempoem

പ്രണയിക്കാനൊരുങ്ങുമ്പോൾ
ചെമന്ന പൂക്കളെമാത്രമല്ല,
പെട്രോളിനാൽ നനഞ്ഞുകുതിർന്ന്
കത്തിയമരുന്നതിനെയും
സ്വപ്നം കാണാൻ
കെല്പുള്ളവളാകണം!
പ്രണയിക്കുമ്പോൾ
പാട്ടുകൾക്കെന്തൊരു വശ്യതയാണല്ലേ;
നെഞ്ചിനുനേരെ കാഞ്ചിവലിച്ച്
ചിതറിത്തെറിക്കുന്ന
പൂങ്കുലകൾപോലെ
ഹൃദയമറ്റുപോകുന്നതും
കാണാൻ നിനക്കാകണം!
പൂവും പൂമ്പാറ്റയുമെല്ലാം
നിറയുന്നത്
പ്രണയപ്പൂക്കൾ ഹൃത്തടങ്ങളിൽ
വിടരുമ്പോഴാണെന്നു
നീയറിഞ്ഞിരുന്നില്ലേ?
മൂർച്ചയുള്ള കത്തിയാൽ
അവനാദ്യം കുത്തുക
ഹൃദയത്തിലാണെന്നു
നീ മറക്കാതിരിക്കുക!
നീ കണ്ണാടിനോക്കിയതും
കണ്ണെഴുതിയതും
പൂക്കൾചൂടിയതുമെല്ലാം
പ്രണയമറിഞ്ഞപ്പോഴാണ്!
അവനാദ്യം
ആസിഡൊഴിച്ചുകഴുകുന്നത്
ആദ്യചുംബനമേറ്റുവാങ്ങിയ
നിൻമുഖംതന്നെയാകും!
ആകാശനീലിമ
അഴകാണെന്നും
പുഴകളും നദികളും പാടുന്നത്
പ്രണയത്തെക്കുറിച്ചാണെന്നും
നീയറിഞ്ഞത്
പ്രണയിനിയായപ്പോൾ മാത്രമാണ്!
പാലത്തിന്റെ ഒത്തനടുവിൽനിന്ന്,
റ്റൈറ്റാനിക്കിലെന്നപോലെ,
സമതലപ്പരപ്പായി
നിറഞ്ഞൊഴുകുന്ന
നദിയുടെകൂടെ
സെൽഫിയെടുക്കുമ്പോഴാണ്
അവൻ നിന്നെ
ആഴിയിലെറിയുകയെന്നതുകൂടെ
നിനക്കു കാണാനാകണം!
യാത്രകൾ രസകരമാണ്
പ്രിയപ്പെട്ടൊരാൾക്കൊപ്പമാകുമ്പോൾ
അതൊരുന്മാദമാണ്
തീവണ്ടിയുടെ
വാതില്പടിയിൽ
കാറ്റിനോപ്പമവനോടും
കിന്നാരംപറഞ്ഞിരിക്കുമ്പോഴാണ്
വീണുപോകുക
എന്നുകൂടെ കാണാൻ
നിനക്കാകണം!
പ്രണയമെന്നത്
പാരതന്ത്ര്യമാണ്,
അടിമപ്പെടലാണ്
നിനക്കാകുമോ?
ചില തീരുമാനങ്ങൾ
ആത്മഹത്യാപരവും
കൊല്ലപ്പെടുകയെന്നത്
അത്മഹത്യാപരമാണന്ന്
നിനക്ക് ചിന്തിക്കാനാകുന്നുണ്ടോ? 

Exit mobile version