Site iconSite icon Janayugom Online

കുവൈറ്റ് ദുരന്തം: മരിച്ച 23 മലയാളികള്‍ക്കും അന്തിമോപചാരമര്‍പ്പിച്ച് നാട്

കുവൈത്തിലെ മാൻഗഫ് തീപിടിത്ത ദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ടവരേ കണ്ണീരോടെ ഏറ്റുവാങ്ങി കേരളം. രാവിലെ വ്യോമസേന വിമാനത്തില്‍ കൊച്ചിയിലെത്തിച്ച 23 മലയാളികളുടെയും മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് 12.30ഓടെ അതാത് സ്ഥലങ്ങളിലേക്ക് ആംബുലന്‍സുകളില്‍ കൊണ്ടുപോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു നേതാക്കളും മരിച്ചവരുടെ കുടുംബാംഗങ്ങളും അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹങ്ങള്‍ പൊലീസ് അകമ്പടിയോടെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്.

24 മലയാളികൾ അടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി പുലർച്ചെ കുവൈത്തിൽ നിന്ന് പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ വിമാനം രാവിലെ 10. 28 നാണ് നെടുമ്പാശേരിയിൽ ഇറങ്ങിയത്. കസ്റ്റംസ് ക്ലിയറന്‍സ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 11.45 ന് മൃതദേഹം ഒന്നിച്ച് പുറത്തെത്തിച്ചു. പൊതുദര്‍ശനത്തിനായി പ്രത്യേക സ്ഥലം സജ്ജമാക്കിയിരുന്നു. മൃതദേഹം പുറത്തേക്ക് എത്തിച്ചപ്പോള്‍ ഉറ്റവരുടെ സങ്കടം അണപൊട്ടി. രാവിലെ മുതൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഉറ്റവരുടെ കണ്ണീരും വിലാപങ്ങളും ആരുടേയും ഹൃദയം തകർക്കുന്നതായിരുന്നു.

തമിഴ്നാട്ടുകാരായ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും മൃതദേഹവും കൊച്ചിയിൽ ഇറക്കി അതാത് സംസ്ഥാനങ്ങൾക്ക് കൈമാറി. തമിഴ്നാടിന്‍റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. കേന്ദ്ര വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്തിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. കൊച്ചി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭംഗങ്ങൾ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർ മൃതദേഹത്തിൽ ആദരമർപ്പിച്ചു.

കക്ഷിരാഷ്ട്രീയ വ്യത്യസമില്ലാതെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാന്ത്വനവുമായി ഒഴുകിയെത്തി. ഓരോ മൃതദേഹവും പ്രത്യേകം ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ വീടുകളിലേക്ക് കൊണ്ടുപോയി.23 പേരില്‍ 12 മലയാളികളുടെ സംസ്കാരം ഇന്ന് തന്നെ നടക്കും.ഇതിനിടെ, കുവൈത്ത് ദുരന്തത്തിൽ മരണം 50 ആയി. ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു.

അതേസമയം അപകടത്തില്‍ പരിക്കേറ്റവരില്‍ ഏഴുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് നോര്‍ക്ക സിഇഒ അജിത്ത് കൊളശ്ശേരി പറഞ്ഞു.മരിച്ച രണ്ട് പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധന നടത്തിയശേഷമായിരിക്കും ഇവര്‍ ആരാണെന്ന് സ്ഥിരീകരിക്കുക.പരിക്കേറ്റവരുടെ തുടര്‍ ചികിത്സയ്ക്ക് നോർക്ക ആവശ്യമായ സഹായങ്ങൾ നൽകും. കുവൈത്ത് സർക്കാരിന്‍റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായിരുന്നതിനാൽ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചു.

നിലവിൽ 57 പേരാണ് ആശിപത്രികളിൽ തുടരുന്നത്, ഇതിൽ 12 പേർ ഡിസ്ചാർജായിട്ടുണ്ട്. ഇതിൽ 5 പേർ മലയാളികളാണ്. ഏകദേശം 25 ൽ അധികം മലയാളികൾ ആശുപത്രിയിലാണ്. ഇതിൽ മലയാളികൾ അടക്കമുള്ള 7 പേരുടെ ആരോഗ്യനിലയാണ് അപകടകരമായി തുടരുന്നത്.

Exit mobile version