തനിക്കെതിരെ പാര്‍ട്ടിയില്‍ നിരന്തരം അധിക്ഷേപമുണ്ടായെന്നും കഴിയുന്നതിന്റെ പരമാവധി ചെയ്തു അപമാനിച്ചുവെന്നും കെ വി തോമസ് പറഞ്ഞു. സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ വി തോമസിന്റെ പ്രതികരണം.
തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്നും തന്നെ തിരുതാ തോമയെന്ന് വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ കോണ്‍ഗ്രസ് വിട്ടു പോകില്ല. വേറെ പാര്‍ട്ടിയിലേക്കും പോകില്ല. എന്റെ അന്ത്യം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ടായിരിക്കും. എന്നെ അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ചു. എന്നെ വിളിച്ചതെന്താ, തിരുതാ തോമയെന്ന്. ഞാന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ്. അത് തെറ്റാണോ. ഞങ്ങള്‍ ഒരു ഷെയറിംഗ് കമ്മ്യൂണിറ്റിയാണ്. ഈ പാര്‍ട്ടിയെ വിറ്റ് താന്‍ അഞ്ച് പൈസയുണ്ടാക്കിയിട്ടില്ല. എന്റെ മക്കളാരും രാഷ്ട്രീയത്തിലില്ല. എന്നെക്കുറിച്ച് നാല് അന്വേഷണം നടന്നു. അതിലൊന്നും പത്തു പൈസ താന്‍ അവിഹിതമായി സമ്പാദിച്ചതായി കണ്ടെത്തിയിട്ടില്ല. പരസ്പരം അപമാനിച്ചും ആരോപണം ഉന്നയിച്ചും ഗ്രൂപ്പ് രാഷ്ട്രീയം നടത്തിയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് ഇന്ന് പോകുന്നത്. ഞാന്‍ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ആളാണ്. 2004ല്‍ താന്‍ ഗ്രൂപ്പ് വിട്ടു’, കെ വി തോമസ് പറഞ്ഞു.
തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എ കെ ആന്റണിക്കും എതിരെ സമാന രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂലില്‍ കെട്ടിയിറങ്ങിയ വ്യക്തിയല്ല താന്‍. പാര്‍ട്ടി അച്ചടക്കത്തില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള വ്യക്തിയാണ്. പാര്‍ട്ടി നേതൃത്വത്തില്‍ ഇരുന്ന കാലത്ത് എറണാകുളത്ത് കോണ്‍ഗ്രസ് നേടിയ മുന്നേറ്റം എണ്ണിപ്പറഞ്ഞായിരുന്നു കെ വി തോമസിന്റെ മറുപടി.
2019ല്‍ സീറ്റ് നിഷേധിച്ചു. ടിവിയിലാണ് സീറ്റ് നിഷേധിച്ച കാര്യം അറിഞ്ഞത്. എന്നിട്ടും പ്രതികരിച്ചില്ല. ഒന്നര വര്‍ഷം കാത്തിരുന്നു. പാര്‍ട്ടിയില്‍ ഒരു പരിഗണയും ലഭിച്ചില്ല. ഏഴ് പ്രാവശ്യം തെരഞ്ഞെടുപ്പില്‍ ജയിച്ചത് ജനങ്ങള്‍ നല്‍കിയ അംഗീകാരമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം തള്ളി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ഓഫറും ആരും തനിക്ക് തന്നിട്ടില്ല. തെരഞ്ഞെടുപ്പിന് മത്സരിക്കുന്നില്ല. സിപിഐ(എം) സീറ്റ് തന്നാലും വേണ്ടെന്നും കെ വി തോമസ് തന്നെ പുറത്താന്‍ കെപിസിസിക്ക് അധികാരമില്ലെന്നും കെ വി തോമസ് പറഞ്ഞു . താന്‍ എഐസിസി അംഗമാണ്. തന്നെ പുറത്താക്കാന്‍ എഐസിസിക്ക് മാത്രമേ അധികാരമുള്ളൂവെന്നും കെ വി തോമസ് പറഞ്ഞു.
താന്‍ ഇപ്പോഴും പാര്‍ട്ടിക്ക് അകത്താണ്. പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കെ വി തോമസ് ഇക്കാര്യം അറിയിച്ചത്. വികാരപരമായ വാക്കുകളോടെ ആയിരുന്നു കെ വി തോമസിന്റെ പ്രഖ്യാപനം.
English summary;KV Thomas said that he was constantly attacked
You may also like this video;