ഒരു ലക്ഷത്തിൽ ഒരാൾക്ക് വരാവുന്ന അപൂർവ ജനിതക രോഗത്തോട് പൊരുതി മുന്നേറുന്ന ലച്ചു വിച്ചാട്ട് എന്ന യുവ എഴുത്തുകാരി ‘പെരുമഴയുടെ മൗനം‘എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ അതിജീവനത്തിന്റെ പ്രചോദനമായി മാറുകയാണ്. “ഒരു കൊച്ചു സ്വപ്നം“എന്ന സ്വന്തം കവിതാ സമാഹാരത്തിലെ “ഞാനൊന്നുറങ്ങട്ടെ” എന്ന കവിതയുടെ ദൃശ്യാവിഷ്കാരമാണ് പെരുമഴയുടെ മൗനമായി അവിട്ടം മീഡിയ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.
ഇരുട്ടിന്റെ വഴികളിലൂടെയുള്ള കവയിത്രിയുടെ യാത്രകളിൽ നഷ്ടസ്വപ്‍നങ്ങളെക്കുറിച്ചുള്ള സങ്കടപ്പെടലും അതിൽ നിന്നും ഉയർത്തെഴുന്നേല്പിനുള്ള പ്രതീക്ഷകളുടെ പുലരിവെളിച്ചവും പ്രകടമാവുന്നതാണ് ഞാനൊന്നുറങ്ങട്ടെ എന്ന കവിത.
പെരുമ്പാവൂർ അകനാട് രാധാകൃഷ്ണന്റെയും രാധാമണിയുടെയും മകളാണ് ലച്ചു. ‘മൈറ്റോ കോൺട്രിയ സൈറ്റോപ്പതി’ എന്ന അപൂർവ രോഗത്തിന്റെ പിടിയിലാണ് ഈ പെൺകുട്ടി. രണ്ടു സഹോദരങ്ങളും ഇതേ അസുഖബാധിതരായിരുന്നു. ചെറുപ്പത്തിലേ അവർ മരിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഓപ്പൺ സ്കൂൾ പഠനം വഴിയാണ് പത്താം ക്ലാസും പ്ലസ്‌ടുവും പാസായത്. എംജി സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ബിരുദവും കരസ്ഥമാക്കി. 2013 ൽ ബിരുദ പഠനത്തിനിടയിൽ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. രണ്ടു വർഷത്തിന് ശേഷമാണ് വലതുകണ്ണിന് മാത്രം ഭാഗികമായി കാഴ്ച തിരിച്ചു കിട്ടിയത്. കോവിഡാനന്തരം അതിനും മങ്ങൽ സംഭവിച്ചിട്ടുണ്ട്. രണ്ടുവർഷമായി അന്നനാളം ചുരുങ്ങുന്ന രോഗത്തിന്റെ പിടിയിലാണ്. അതിനാൽ കട്ടിയുള്ള ആഹാരം കഴിക്കാനാവില്ല. വളരെ കുറഞ്ഞ അളവിൽ ലഘു പാനീയങ്ങൾ മാത്രമേ കഴിക്കാനാവു.
ഒരു വൈകല്യവും ഒന്നിനും തടസമല്ലെന്നുള്ള ഉറച്ച നിലപാടുകളാണ് ലച്ചുവിനെ നയിക്കുന്നത്. താൻ അനുഭവിക്കുന്ന ജീവിതാവസ്ഥകളും സ്വപ്നങ്ങളും വേദനകളും പ്രതീക്ഷകളും കാഴ്ചകളുമെല്ലാമാണ് കവിതകളിലൂടെ പങ്കുവയ്ക്കുന്നത്. അത്തരത്തിലുള്ള 20 കവിതകൾ ഉൾക്കൊള്ളിച്ചാണ് ‘ഒരു കൊച്ചു സ്വപ്നം’ എന്ന കവിതാസമാഹാരം യെസ‌്പ്രസ് ബുക്സ് കഴിഞ്ഞ വർഷം പ്രസിദ്ധപ്പെടുത്തിയത്. വനിതാകലാസാഹിതി എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ് ലച്ചു.
ഞാനൊന്നുറങ്ങട്ടെ എന്ന കവിത നാടക രചയിതാവും സംവിധായകനുമായ സി സി കെ മുഹമ്മദ് തിരക്കഥയെഴുതി വി അനിയൻ ഉണ്ണിയുടെ സംവിധാനത്തിൽ ഒരുക്കിയിട്ടുള്ള മ്യൂസിക്കൽ ദൃശ്യാവിഷ്കാരത്തിൽ ഡോ. ആർ എൽ വി ശൈലേഷ് നാരായണന്റെ ഈണത്തിൽ രേഖ ശൈലേഷാണ് പാടിയിട്ടുള്ളത്. ലച്ചു തന്നെയാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിട്ടുള്ളത്. സിനിമാ സീരിയൽ നടനായ കൃഷ്ണൻ പോറ്റിയും ഒപ്പമുണ്ട്. വിച്ചാട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ‘പെരുമഴയുടെ മൗനം’ കലാസ്വാദകർ ഏറ്റെടുക്കുമെന്നുതന്നെയാണ് ലച്ചുവിന്റെ പ്രതീക്ഷ.
English Summary;Lachu as the inspiration of survival through the silence of the torrential rain
You may also like this video