ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് സമരം നടത്തിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ക്രിമിനലായി ചിത്രീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് കപിൽ സിബൽ. വാങ്‌ചുക്കിന്റെ തടങ്കൽ ചോദ്യം ചെയ്ത് ഭാര്യ ഗീതാഞ്ജലി ആങ്‌മോ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വാങ്‌ചുക്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്റ്റംബർ 26നാണ് ലഡാക്കിലെ ലേയില്‍ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വാങ്‌ചുക്കിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. വാങ്‌ചുക്കിന്റെ പ്രസംഗങ്ങൾ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. എന്നാൽ, ലഡാക്കിൽ അക്രമങ്ങൾ ഉണ്ടായപ്പോൾ മനംനൊന്ത് തന്റെ നിരാഹാര സമരം അവസാനിപ്പിച്ച വ്യക്തിയാണ് വാങ്‌ചുക്കെന്ന് കപിൽ സിബൽ കോടതിയിൽ വാദിച്ചു. ചൗരിചൗരാ സംഭവത്തിന് ശേഷം ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിർത്തിവെച്ചതിന് സമാനമായ നിലപാടാണ് വാങ്‌ചുക്കും സ്വീകരിച്ചതെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. വാങ്‌ചുകിന്റെ തടങ്കലിനെ ന്യായീകരിക്കാൻ പ്രോസിക്യൂഷൻ ഉപയോഗിക്കുന്ന വീഡിയോകൾ പ്രതിഭാഗത്തിന് ഇതുവരെ നൽകിയിട്ടില്ലെന്നും സിബൽ ആരോപിച്ചു. അക്രമത്തെ അപലപിച്ച് സോനം വാങ്‌ചുക്ക് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളും കോടതിയിൽ പ്രദർശിപ്പിച്ചു. കേസിൽ തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും.

