Site iconSite icon Janayugom Online

ഒരുകോടിയുടെ ഹെറോയിനുമായി ലേഡി ഡോണ്‍ പിടിയില്‍

ഒരു കോടിയിലേറെ വിലമതിക്കുന്ന ഹെറോയിനുമായി ഡല്‍ഹിയിലെ ലേഡി ഡോണ്‍ പൊലീസിന്റെ പിടിയില്‍. കുപ്രസിദ്ധ അധോലോക തലവന്‍ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് പിടിയിലായത്.വര്‍ഷങ്ങളായി ഡല്‍ഹി പൊലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു 33കാരിയായ സോയ ഖാന്‍. കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളുള്ള സോയയുടെ ഭര്‍ത്താവ് ഹാഷിം ജയിലിലാണ്. അതിനു ശേഷം ക്രിമിനല്‍ സാമ്രാജ്യത്തെ സോയയാണ് നയിച്ചത്. യുവതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് നേരത്തെ വിവരം ഉണ്ടായിരുന്നിട്ടും തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് സാധിക്കാതെ വന്നത്.

ലഹരിമരുന്ന് കടത്ത് സംഘത്തിലെ അംഗമാണ് സോയയുടെ പിതാവ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ കുടുംബം പ്രവര്‍ത്തിക്കുന്നത്. സോയ ഖാൻ ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ്. 2017 ൽ ഹാഷിം ബാബയെ വിവാഹം കഴിക്കുന്നതിന് മുമ്പ് സോയ മറ്റൊരു വിവാഹം കഴിച്ചിരുന്നു. വിവാഹമോചനത്തിനുശേഷം അവർ ബാബയുമായി പരിചയത്തിലായി. വടക്കുകിഴക്കൻ ഡല്‍ഹിയിലെ അയൽവാസികളായിരുന്നു ഇരുവരും. അവിടെ വച്ചാണ് അവർ പ്രണയത്തിലായത്. ഉന്നതരുടെ പാർട്ടികളിലെ സജീവ സാന്നിധ്യമായിരുന്നു സോയ ഖാന്‍. ആഡംബര ബ്രാൻഡുകളുടെ വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചെത്തുന്ന സോയ ഖാന് സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ഫോളോവേഴ്സും ഉണ്ടായിരുന്നു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വെൽക്കം ഏരിയയിൽ വെച്ചാണ് സോയയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശിലെ മുസാഫർ നഗറിൽ വിതരണം ചെയ്യുന്നതിനുള്ള 270 ഗ്രാം ഹെറോയിന്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. നാദിർഷാ വധക്കേസിൽ ഉൾപ്പെട്ടവർക്കും സോയ അഭയം നൽകിയതായി പൊലീസ് സംശയിക്കുന്നു. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ്-1 ഏരിയയിലെ ജിം ഉടമയായ ഷാ 2024 സെപ്റ്റംബറിലാണ് വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം സ്പെഷൽ സെല്ലിന്റെ ലോധി കോളനിയിലെ ഓഫിസിൽ വച്ച് വെടിവയ്പുമായി ബന്ധപ്പെട്ട് സോയയെ ചോദ്യം ചെയ്തിരുന്നു. ഇവർക്ക് ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധവുമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Exit mobile version