ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിൽ കർഷകരെ വണ്ടി കയറ്റിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്ര ജയിൽ മോചിതനായി. 279 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ മോചനം. എട്ടാഴ്ചത്തേക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ആശിഷ് മിശ്ര ജയിൽ മോചിതനായത്.
വിടുതൽ ഉത്തരവ് ലഭിച്ചതിന് ശേഷം ജയിലിന്റെ പിൻവാതിലിലൂടെയാണ് മിശ്രയെ പുറത്തെത്തിച്ചത്. ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ഉത്തർപ്രദേശിലും ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മിശ്രയ്ക്ക് തങ്ങാനാകില്ലെന്നും ഒരാഴ്ചയ്ക്കകം യുപി വിടണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ജാമ്യ കാലയളവിൽ മിശ്ര തന്റെ പാസ്‌പോർട്ട് സറണ്ടർ ചെയ്യണം. പുതിയ സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ ഹാജർ രേഖപ്പെടുത്തുകയും വേണം. സാക്ഷികളെ സ്വാധീനിക്കുകയോ, വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ജാമ്യം റദ്ദാക്കുമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തിരുന്ന കര്‍ഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്.
English Summary: Lakhimpur Kheri case: Ashish Misra walks out of jail
You may also like this video