Site icon Janayugom Online

ലഖിംപൂര്‍ ഖേരി കേസ്: ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ കര്‍ഷകരുടെ കുടുംബം സുപ്രീംകോടതിയില്‍

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസില്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കര്‍ഷകരുടെ കുടുംബം.കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബം തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്.

ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അപ്പീല്‍ പോകാത്തതിനെത്തുടര്‍ന്നാണ് കുടുംബം അപെക്‌സ് കോടതിയെ സമീപിച്ചിരിക്കുന്നത്.പ്രതിക്കെതിരെ നിലവിലുള്ള തെളിവുകള്‍ അലഹബാദ് ഹൈക്കോടതി പരിഗണിച്ചില്ല, എന്നാണ് കുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞത്. ജാമ്യം ലഭിച്ചാല്‍ തന്റെ സ്വാധീനമുപയോഗിച്ച് പ്രതി കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന കാര്യം കോടതി പരിഗണിച്ചില്ലെന്നും കുടുംബം വാദിച്ചു.

ഫെബ്രുവരി 10നായിരുന്നു ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനിടയിലാണ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത് എന്നതും ചര്‍ച്ചയായിരുന്നു.ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയായിരുന്നു ഉത്തര്‍ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

കേസില്‍ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്.ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകുന്നതിനിടെ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയെന്നതായിരുന്നു ഇവര്‍ക്കെതിരെയുണ്ടായിരുന്ന കേസ്.

ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.ഇതിനു പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് കര്‍ഷകരേയും അറസ്റ്റ് ചെ്തിരുന്നു.

കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ആശിഷ് മിശ്രയ്ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.കുറ്റപത്രത്തില്‍ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേര്‍ ജയിലിലായിരുന്നു. വിരേന്ദ്ര കുമാര്‍ ശുക്ല എന്നയാള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിരുന്നു.

Eng­lish Sum­ma­ry: Lakhim­pur Kheri case: Farm­ers’ fam­i­ly in Supreme Court against Ashish Mishra’s bail

You may also like this video

Exit mobile version