Site iconSite icon Janayugom Online

രാജ്ഭവനുമുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ലക്ഷങ്ങള്‍

ഉന്നതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഗൂഢശ്രമങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധമിരമ്പി. രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടന്ന പ്രതിഷേധക്കൂട്ടായ്മയില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു പുറമെ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും സാമൂഹ്യ‑സാംസ്കാരിക, കലാ, സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പങ്കെടുത്തു. 

ബിജെപി ഇതര സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനും അട്ടിമറിക്കാനും ഗവര്‍ണര്‍മാരെയും അന്വേഷണ ഏജന്‍സികളെയും ഉപയോഗിക്കുന്ന കേന്ദ്രത്തിന്റെ നീക്കങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്ന് ജനങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തുകൊണ്ട്, ഹിന്ദുത്വ‑ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടാണെന്നതിന്റെ പ്രകടിതരൂപമായി പ്രതിഷേധങ്ങള്‍.
രാജ്ഭവന് മുന്നിൽ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ബി ഇക്ബാല്‍ അധ്യക്ഷനായി.

തൃശൂരില്‍ പ്രൊഫ. സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപിയും ഇടുക്കി അടിമാലിയില്‍ സിപിഐ സംസ്ഥാന കൗൺസിലംഗം കെ കെ ശിവരാമന്റെ അധ്യക്ഷതയില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബുവും കല്പറ്റയില്‍ ഒ ആർ കേളു എംഎൽഎയുടെ അധ്യക്ഷതയില്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാർ എംപിയും ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് മുൻ മന്ത്രിയും സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, മുന്‍ എംപി പി കരുണാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കണ്ണൂരിൽ പി കമാൽ കുട്ടി ഐഎഎസിന്റെ അധ്യക്ഷതയില്‍ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും കോഴിക്കോട് സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനന്റെ അധ്യക്ഷതയില്‍ എൽജെഡി നേതാവ് കെ പി മോഹനൻ എംഎൽഎയും മലപ്പുറത്ത് സിപിഐ(എം) ജില്ലാ സെകട്ടറി ഇ എൻ മോഹൻ ദാസിന്റെ അധ്യക്ഷതയില്‍ കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി സി ആർ വത്സനും പാലക്കാട് സിപിഐ(എം) ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ജനതാദള്‍ (എസ്) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. എ നീലലോഹി­തദാസന്‍ നാടാരും ഉദ്ഘാടനം ചെയ്തു.
എറണാകുളത്ത് കേരള കോൺഗ്രസ്(എം) നേതാവ് തോമസ് ചാഴിക്കാടൻ എംപി ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷത വഹിച്ചു. 

ആലപ്പുഴയിൽ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ച­ലോസ് അധ്യക്ഷനായി. പത്തനംതിട്ടയില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടേറി­യറ്റംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ അധ്യക്ഷത വഹിച്ചു. കോട്ടയത്ത് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനുവിന്റെ അധ്യക്ഷതയില്‍ സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് സിപിഐ(എം) നേതാവ് എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ അഡ്വ. എന്‍ അനിരുദ്ധന്‍ അധ്യക്ഷനായി. 

രാജ്യത്ത് ഉയര്‍ന്നുവരുന്ന വലിയ പോരാട്ടത്തിന്റെ മുന്നോടി: യെച്ചൂരി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനുള്ള സമരം രാജ്യത്ത് ഉയര്‍ന്നുവരുന്ന വലിയ പോരാട്ടത്തിന്റെ മുന്നോടിയാണെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള നിയമസഭ നല്‍കിയ സവിശേഷ അധികാരമായ ചാന്‍സലര്‍ പദവി ഉപയോഗിച്ചുകൊണ്ട്, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ഗവര്‍ണറുടെ ശ്രമങ്ങള്‍. വിദ്യാഭ്യാസത്തെ നിയന്ത്രിക്കുക വഴി ഹിന്ദുത്വ ഫാസിസ്റ്റ് രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. 

കേരളത്തിലെ സര്‍വകലാശാലകള്‍ വിദേശ സര്‍വകലാശാലകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡബിള്‍ പ്ലസ് റേറ്റിങ്ങാണ് കേരളത്തിലെ സര്‍വകലാശാലകള്‍ക്ക്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് കേരളം. അതില്‍ എല്‍ഡിഎഫ് നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന വിവേകവും വിവേചനബുദ്ധിയും തങ്ങളുടെ പദ്ധതികള്‍ക്ക് തടസമാകുന്നുവെന്ന തിരിച്ചറിവിലാണ് ആര്‍എസ്എസ്. ഒരു രാജ്യം ഒരു ഭാഷയെന്നും ഒരു രാജ്യം ഒരു സംസ്കാരമെന്നുമാണ് ആര്‍എസ്എസിന്റെ നിലപാട്. പല ഭാഷകളും പല സംസ്കാരങ്ങളുമാണ് ഇന്ത്യയുടെ പ്രത്യേകത. ഈ വൈവിധ്യങ്ങളാണ് അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശം: ഗവര്‍ണര്‍

ന്യൂഡല്‍ഹി: സമ്മര്‍ദ്ദത്തിലൂടെ തന്നെ പിന്മാറ്റാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന രാജ് ഭവന്‍ മാര്‍ച്ചും പ്രതിഷേധവും സംബന്ധിച്ച് മാധ്യമങ്ങളോട് കേരളാ ഹൗസില്‍ വച്ച് പ്രതികരിക്കവെയാണ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരുമായുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയത്.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഡല്‍ഹിയിലേക്ക് പോരും മുമ്പ് ഒരു ഓര്‍ഡിനന്‍സും തനിക്ക് മുന്നില്‍ എത്തിയിട്ടില്ല.
കോടതി ഉത്തരവുകള്‍ക്ക് അനുസൃതമായി മുന്നോട്ടു പോകും. ആരോടും വ്യക്തിപരമായ ശത്രുതയില്ല. സര്‍വകലാശാല നടത്തിപ്പില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമാണ്.
ഭരണഘടനാ പരമായ ഉത്തരവാദിത്തങ്ങളാണ് നിറവേറ്റുന്നത്. അതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നും ഖാന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

Eng­lish Sum­ma­ry: Lakhs protest in front of Raj Bha­van and in dis­trict centers

You may also like this video

Exit mobile version