Site iconSite icon Janayugom Online

ലക്ഷദ്വീപ് ഇനി അമിത്ഷാ റിപ്പബ്ലിക്

അറബിക്കടലിലെ സ്വപ്നഭൂമിയായ ലക്ഷദ്വീപ് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള മോഡി പദ്ധതി ദ്വിപുജനതയില്‍ ആശങ്കയും രോഷവും വളര്‍ത്തുന്നു. ജനവാസമില്ലാത്ത ദ്വീപുകളെല്ലാം ഇതിനകം കോര്‍പ്പറേറ്റ് ഭീമന്മാര്‍ കയ്യടക്കിക്കഴിഞ്ഞു. ബംഗാര ദ്വീപിലെ വമ്പന്‍ ടൂറിസ്റ്റ് റിസോര്‍ട്ട് സമുച്ചയത്തിന്റെ ഉടമ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പുത്രന്‍ ജയ്‌ഷാ. ഇവിടെ ഒരു ആഡംബര റിസോര്‍ട്ടിന് പ്രതിദിന വാടക അരലക്ഷം രൂപ. അംബാനി, അഡാനി, ടാറ്റ തുടങ്ങി വമ്പന്മാരും വിവിധ ദ്വീപുകള്‍ വിലയ്ക്കെടുത്തുകഴിഞ്ഞു. ലക്ഷദ്വീപിന്റെ ഉപജീവനമാര്‍ഗമായ ട്യൂണ മത്സ്യബന്ധനത്തിനുള്ള കുത്തകാവകാശം തദ്ദേശീയരില്‍ നിന്ന് കവര്‍ന്നെടുത്ത് വ്യവസായ സാമ്രാജ്യം സ്ഥാപിക്കാനുള്ള അംബാനിയുടെ പദ്ധതിയും അവസാന ഘട്ടത്തിലാണ്. 4.5ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള അറബിക്കടല്‍ സമുദ്രഭാഗമാണ് ലോകത്ത് ഏറ്റവുമധികം ട്യൂണ മത്സ്യബന്ധനം നടക്കുന്നത്. രണ്ട് മാസം മുമ്പ് പ്രധാനമന്ത്രി മോഡി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് പിന്നാലെ ദ്വീപിനെ പുകഴ്ത്തി നടത്തിയ പ്രസ്താവനയില്‍ ലക്ഷദ്വീപിനെ ഇന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായി വളര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് കോര്‍പറേറ്റ്‌ വല്‍ക്കരണത്തിനുള്ള പച്ചക്കൊടിയായാണ് പലരും വ്യാഖ്യാനിക്കുന്നതെങ്കിലും ദ്വീപസമൂഹത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള പദ്ധതികള്‍ അതിനും ഏറെ മുമ്പുതന്നെ ആസൂത്രിതമായി തുടങ്ങിക്കഴിഞ്ഞിരുന്നുവെന്ന് സിപിഐ ലക്ഷദ്വീപ് സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി സി ടി നജുമുദീന്‍, അസിസ്റ്റന്റ് സെക്രട്ടറി സെയ്താലി ബിരേക്കര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി വി വാജിബ്, അലി അക്ബര്‍, നൂറുദീന്‍, നസീര്‍, സെയ്നുല്‍ ആബിദ് മഷ്ഹുര്‍, നിസാമുദീന്‍, സലാഹുദീന്‍ എന്നിവര്‍ ‘ജനയുഗ’ത്തോട് പറഞ്ഞു.

56 നവംബര്‍ ഒന്നിന് ലക്ഷദ്വീപ് ഭരണകൂടം നിലവില്‍ വന്നശേഷം മൂന്ന് വര്‍ഷം മുമ്പുവരെ നിലനിന്ന ഭരണസംവിധാനം തകര്‍ത്ത് പ്രഫുല്‍ പട്ടേല്‍ ഖോഡയെന്ന ഹിന്ദു തീവ്രവാദിയെ അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചത് 99 ശതമാനം വരുന്ന മുസ്ലിം ജനതയെ ദ്വീപില്‍ നിന്ന് കുടിയൊഴിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദ്വീപസമൂഹത്തിലെ തെങ്ങിന്‍തോപ്പുകളിലെ തെങ്ങുകള്‍ക്കെല്ലാം കാവിയടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് സ്കൂള്‍ ഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കി ദീപ് ജനതയെ പ്രകോപിതരാക്കി. ഖോഡയുടെ വരവ് ഒരു ആപത്തിന്റെ നാന്ദിയാണെന്ന തിരിച്ചറിവില്‍ തീവ്രമായ പ്രക്ഷോഭരംഗത്തിറങ്ങിയത് ലക്ഷദ്വീപ് സിപിഐ മാത്രമായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളടക്കം നിരവധി സഖാക്കളെ തല്ലിയൊതുക്കി ജയിലിലടച്ച് സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ലോക്‌സഭയില്‍ ദ്വീപിനെ പ്രതിനിധീകരിക്കുന്ന എന്‍സിപിയും ദ്വീപിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസും പാര്‍ട്ടിയുടെ സമരത്തെ പരിഹസിച്ച് അഡ്മിനിസ്ട്രേറ്റര്‍ക്കുവേണ്ടി കുഴലൂത്ത് നടത്തുകയായിരുന്നു.

എന്നാല്‍ ക്രമേണ അവര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടുകയും സിപിഐ ഓര്‍മ്മിപ്പിച്ച ആപത്തുകള്‍ക്കെതിരെ സമരരംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു. ലക്ഷദ്വീപ് ടൂറിസം വികസന കോര്‍പറേഷനെ നോക്കുകുത്തിയാക്കിയശേഷം ദ്വീപസമൂഹത്തെ വിറ്റുതുലയ്ക്കാനുള്ള പദ്ധതികള്‍ മൂര്‍ധന്യത്തിലെത്തിയ ശേഷം മാത്രമാണ് കോണ്‍ഗ്രസിനും എന്‍സിപിക്കും അപകടം മണത്തറിയാനായത്. ആദ്യം ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകള്‍ ടൂറിസം വികസനത്തിന്റെ പേരില്‍ കയ്യടക്കിയ കോര്‍പറേറ്റുകളുടെ നീരാളിക്കയ്യുകള്‍ ഇപ്പോള്‍ ജനവാസമുള്ള പത്ത് ദ്വീപുകളിലേക്കും നീണ്ടിരിക്കുന്നു. ലക്ഷദ്വീപുകാരിയായ നടിയും സംവിധായകയുമായ ഐഷാസുല്‍ത്താന പറയുന്നത് ടൂറിസം വികസനത്തിന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി നടപ്പാക്കിയ പദ്ധതികള്‍ തകര്‍ക്കപ്പെടാതിരുന്നെങ്കില്‍ മാത്രം ലക്ഷദ്വീപിന് ഇന്ന് ഈ ദുര്‍ഗതിയുണ്ടാവില്ല എന്നായിരുന്നു.
നാളെ: ടാറ്റയുടെ ഹോട്ടല്‍
ശൃംഖല വരുന്നു

Eng­lish Summary:Lakshadweep is now Amit Shah Republic
You may also like this video

Exit mobile version