Site icon Janayugom Online

കേരളത്തില്‍ നിക്ഷേപത്തിന് ലംബോർഗിനി ഗ്രൂപ്പ്

lamborgini

അത്യാഡംബര കാർ കമ്പനിയായ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനി കേരളത്തിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി വിശദമായ തുടർ ചർച്ചകൾ നടത്തും. വ്യവസായ മന്ത്രി പി രാജീവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ആഡംബര ഫ്ളാറ്റുകൾ, പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ കമ്പനി പരിശോധിക്കും. ഇറ്റലി ആസ്ഥാനമായ ‘ടൊനിനോ ലംബോർഗിനി ഗ്രൂപ്പി‘ന്റെ സ്ഥാപകനും പ്രസിഡന്റുമാണ് ടൊനിനോ ലംബോർഗിനി. ആഡംബര ഹോട്ടൽ, അപ്പാർട്ട്മെന്റുകൾ, പെർഫ്യൂം, വാച്ച് തുടങ്ങി നിരവധി മേഖലകളിൽ ലംബോർഗിനി ലോകത്തിലെ തന്നെ മുൻനിര ബ്രാന്റാണ്. 500 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി ഇലക്ട്രിക് വാഹന രംഗത്തേക്കും കടക്കാന്‍ ടൊനിനോ ലംബോർഗിനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. 

ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ ഗൗരവമായി പരിശോധിക്കുമെന്ന് ടൊനിനോ ലംബോര്‍ഗിനി പറഞ്ഞു. ഗോൾഫ് കാർട്ട് പോലെയുള്ള വാഹനങ്ങളുടെ നിർമ്മാണത്തിലും കേരളത്തിന്റെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കുന്നുണ്ട്. ആഡംബര പെർഫ്യൂമുകൾ ഉൾപ്പെടെയുള്ള ഉല്പന്നങ്ങൾ വിപണനം ചെയ്യുന്ന കാര്യത്തിലും സഹകരണ സാധ്യതകൾ തേടും. ആഡംബര വസ്തുക്കളുടെ വിപണിയിലേക്ക് കടക്കാൻ തയ്യാറുള്ള ശക്തരായ തദ്ദേശ ബ്രാന്റുകളുമായി യോജിച്ച് പ്രവർത്തിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി ടൊനിനോ ലംബോർഗിനി മന്ത്രിയെ അറിയിച്ചു. തങ്ങളുടെ ഉല്പന്നങ്ങളുടെ അസംബ്ലിങ്ങിനായി നികുതി ഇളവുകൾ ലഭിച്ചാൽ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കേരളത്തിൽ നിക്ഷേപത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തുടർചർച്ചകളുടെ സമയം ഉടനെ തീരുമാനിക്കും. മലയാളിയായ സുഹൃത്ത് ഉസ്മാൻ റഹ്മാനോടൊപ്പം അവധിക്കാലം ചെലവഴിക്കാനായി കേരളത്തിലെത്തിയ ടൊനിനോയും പങ്കാളി ഏഞ്ചല ക്രൈഗറും കേരളത്തിലെ നിക്ഷേപം സംബന്ധിച്ച് ചർച്ച നടത്താൻ തയ്യാറായത് സന്തോഷകരമാണെന്നും പി രാജീവ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഉപഹാരമായി ആറൻമുള കണ്ണാടി മന്ത്രി ലംബോർഗിനിക്ക് സമ്മാനിച്ചു. 

Eng­lish Sum­ma­ry; Lam­borgh­i­ni Group to invest in Kerala

You may also like this video

Exit mobile version