Site iconSite icon Janayugom Online

കോവിഡ് മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്ന് ലാന്‍സെറ്റ് പഠനം

കോവിഡ് ബാധിതരില്‍ മാനസികാരോഗ്യക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലെന്ന് ലാന്‍സെറ്റ് പഠനം. കോവിഡ് ബാധയ്ക്ക് രണ്ട് വര്‍ഷത്തിനു ശേഷം ചിലരില്‍ ബുദ്ധിഭ്രമം, മറവി, അപസ്മാരം തുടങ്ങിയ നാഡി, മാനസിക രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1.25 ദശലക്ഷത്തിലധികം രോഗികളുടെ രേഖകളെ അടിസ്ഥാനപ്പെടുത്തി ലാന്‍സെറ്റിന്റെ സൈക്യാട്രി ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം തീവ്രത കുറവാണെങ്കിലും ഒമിക്രോണ്‍ ബാധിച്ചവരിലും ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദമായി പ്രഖ്യാപിച്ച ഡെല്‍റ്റ വകഭേദം ബാധിച്ചവരിലും സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിലാണ് അപസ്മാരം, മാനസിക വൈകല്യങ്ങള്‍ എന്നിവ കൂടുതലായി കണ്ടുവരുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. നാഡി, മനോരോഗ സംബന്ധമായ 14 അവസ്ഥകളെക്കുറിച്ച് യുഎസിലെ പഠനങ്ങളുടെ വിവരങ്ങളും ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്. 2020 ജനുവരി 20 മുതല്‍ കോവിഡ് ബാധിച്ച 12,84,437 പേരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 1, 85,748 പേര്‍ 18 വയസിന് താഴെയുള്ളവരാണ്. 1,85,748 പേര്‍ 18–64 പ്രായത്തിനിടയിലുള്ളവരും 2,42,101 പേര്‍ 64 വയസിന് മുകളിലുള്ളവരുമാണ്. ഇതേ എണ്ണത്തില്‍ മറ്റ് ശ്വാസ കോശ രോഗങ്ങളുള്ളവരെയും പഠനത്തില്‍ ഉള്‍പ്പെടുത്തി. അതേസമയം ഇത്തരം രോഗങ്ങളുടെ അപകട സാധ്യത വിലയിരുത്തുന്നതിനു വേണ്ടിയുള്ള സമഗ്രമായ പഠനം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോവിഡ് ബാധയ്ക്ക് ആറുമാസത്തിനു ശേഷം ചിലരില്‍ നാഡി, മനോരോഗ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി നേരത്തെ ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഓക്സ്ഫഡ് സര്‍വകലാശാല പ്രൊഫസര്‍ പോള്‍ ഹാരിസണ്‍ പറയുന്നു. ഇത്തരം രോഗാവസ്ഥകള്‍ രണ്ട് വര്‍ഷത്തിലധികം നീണ്ടുനില്‍ക്കാമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Lancet study sug­gests that covid may affect men­tal health
You may also like this video

Exit mobile version