Site iconSite icon Janayugom Online

70 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് വിധി

കോടികള്‍ വിലമതിക്കുന്ന ഏക്കര്‍ കണക്കിന് സ്ഥലം മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് വിധി. 52 വർഷത്തിലേറെ പഴക്കമുള്ള മിച്ച ഭൂമി കേസിലാണ് വിധി. വൈക്കം താലൂക്ക് ലാൻഡ്‌ ബോർഡാണ് ഭൂമി മിച്ചഭൂമിയിലേക്ക് കണ്ടെത്താനുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. സോണൽ ലാൻഡ്‌ ബോർഡ്‌ കാര്യാലയം നിലവിൽ വന്ന ശേഷം തോട്ട ഭൂമി തരം മാറ്റിയത് മിച്ചഭൂമിയായി സർക്കാരിലേക്കു ഏറ്റെടുക്കുന്ന ആദ്യ കേസാണ് ഇത്.
കോട്ടയം ജില്ലയിൽ വൈക്കം താലൂക്ക്‌ ലാൻഡ് ബോർഡിന് കീഴിലുള്ള ഔസേഫ് മാത്യു, കൊല്ലംപറമ്പിൽ പ്രഖ്യാതാവും വി ജെ പാപ്പു എക്സിക്യൂട്ടർ /ട്രസ്റ്റിയുമായ ട്രസ്റ്റിന്റെ പേരില്‍ തരംമാറ്റിയതായിരുന്നു ഭൂമി. ഈ ഉത്തരവ് പ്രകാരം കോട്ടയം ജില്ല വൈക്കം താലൂക്ക് വടയാർ കുലശേഖരമംഗലം വില്ലേജുകളിലേയും എറണാകുളം ജില്ല കണയന്നൂർ താലൂക്ക് ഇളംകുളം വില്ലേജിലും പെട്ട 70.85 ഏക്കർ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതിൽ ഇളംകുളം വില്ലേജിൽ 4.22 ഏക്കറും വടയാർ വില്ലേജിൽ 1.35 ഏക്കറും കുലശേഖരമംഗലം വില്ലേജിൽ 1,65,000ഏക്കർ ഉൾപ്പെടെ 7.23 ഏക്കർ ഗുഡ് ടൈറ്റിൽ ഉള്ള ഭൂമിയാണ്.

റബ്ബർ പ്ലാന്റേഷൻ ഇനത്തിൽ നേരത്തെ തന്നെ പരിഗണിച്ചിരുന്ന 55.72 ഏക്കർ ഭൂമിയും ട്രസ്റ്റിന്റെ മറവിൽ അനധികൃതമായി തരം മാറ്റിയിട്ടുള്ളതായി ലാൻഡ്‌ ബോർഡ്‌ കണ്ടെത്തി. ഇതിനാൽ ഈ പ്ലാന്റേഷൻ ഭൂമി പൂർണമായും മിച്ചഭൂമിയിൽ പെടുത്തി ഉത്തരവായി. ഇളംകുളം വില്ലേജിലെ കോടികൾ വിലമതിക്കുന്ന 4.22 ഏക്കർ ഭൂമി കേരളത്തിലെ ഏറ്റവും വാണിജ്യ പ്രാധാന്യമുള്ള കടവന്ത്രക്ക് സമീപം ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ റോഡിനോട് ചേർന്ന് നിർമിതികൾ ഇല്ലാതെ വൃക്ഷങ്ങൾ മാത്രമായി കാണുന്ന പ്രധാനപ്പെട്ട സ്ഥലം ആണ്. കോട്ടയം ലാന്‍ഡ് ബോര്‍ഡ് രൂപീകരിച്ചതിന് ശേഷം ഒരു ടിബിഎല്‍ കേസില്‍ മാത്രമായി ഇത്രയേറെ തോട്ടഭൂമി അനധികൃത പരിവര്‍ത്തനം നടത്തിയതായി കണ്ടെത്തി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നത് ആദ്യമാണ്. സമയബന്ധിതമായി ഈ ഭൂമി ഏറ്റെടുക്കാൻ വൈക്കം /കണയന്നൂർ തഹസിൽദാർമാർക്ക് നിയമാനുസൃത നോട്ടീസ് നൽകിയതായി ലാന്‍ഡ്ബോര്‍ഡ് ചെയര്‍മാന്‍ എസ് സനില്‍കുമാര്‍ വ്യക്തമാക്കി. വൈക്കം തഹസില്‍ദാര്‍ എ എന്‍ ഗോപകുമാര്‍, ലാന്‍ഡ് ബോര്‍ഡ് അംഗങ്ങളായ എം ഡി ബാബുരാജ്, പി ജി ത്രിഗുണസെന്‍, കെ കെ ഗണേശന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു വിധി.

Exit mobile version