Site icon Janayugom Online

ഭൂമി തരംമാറ്റല്‍; നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: മന്ത്രി കെ രാജൻ

ഭൂമി തരംമാറ്റാനുള്ള അപേക്ഷകളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനവും നടപടി ക്രമങ്ങളിലെ താമസവും മൂലം തീർപ്പാക്കാൻ കാലതാമസം നേരിടുന്നുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ഓരോ റവന്യു ഡിവിഷണൽ ഓഫീസിലും ഏഴ് ജീവനക്കാരെ അധികമായി നിയമിക്കുന്നതിന് കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തരംമാറ്റൽ നടപടികൾ ഓൺലൈൻ സമ്പ്രദായത്തിലേക്ക് മാറുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

അപേക്ഷകളുടെ പുരോഗതി വിലയിരുത്താൻ ലാൻഡ് റവന്യു കമ്മിഷണറുടെ നേതൃത്വത്തിൽ എല്ലാ റവന്യു ഡിവിഷൻ ഓഫീസർമാരുടെയും യോഗം നടത്തുന്നുണ്ട്. നെൽവയൽ തണ്ണീർതട നിയമം നിലവിൽ വന്ന 2008 ഓഗസ്റ്റ് 12ന് മുമ്പ് നികത്തിയ ഭൂമിയെയാണ് ഡേറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഷൻ ആന്റ് മിഷൻ 2021 ‑26 പദ്ധതിയുടെ ഭാഗമായി എംഎൽഎമാരുടെ നിവേദനങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതിനും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും റവന്യു അസംബ്ലി സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ഇതിന്റെ ഭാഗമായി പരാതിയുടെ പുരോഗതി വിലയിരുത്താൻ ഡാഷ് ബോർഡ് രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ പൊതുജനങ്ങൾക്ക് നേരിട്ട് റവന്യു അസംബ്ലിയിൽ പരാതി നൽകാൻ സാധിക്കില്ല.

സർക്കാർ ഭൂമി അനധികൃതമായി വ്യാജരേഖകൾ ചമച്ച് കൈമാറിയ കേസിൽ ഹാരിസൺസ് മലയാളം ലിമിറ്റഡിനെതിരേയുള്ള കേസ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഹാരിസൺസ് കമ്പനിയുടെ കൈയ്യിലുള്ള 25630 ഏക്കർ ഭൂമിയാണ് പ്രമാണ രേഖ തിരുത്തൽ വരുത്തിയതായി കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

 

Eng­lish Sum­ma­ry: Land clas­si­fi­ca­tion; Pro­ce­dures will be expe­dit­ed: Min­is­ter K Rajan

You may like this video also

Exit mobile version