Site iconSite icon Janayugom Online

ഭൂമിതര്‍ക്കം; ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

ഹരിയാനയിലെ സോനിപത്തില്‍ ഭൂമിതര്‍ക്കത്തെത്തുടര്‍ന്ന് ബിജെപി നേതാവിനെ അയല്‍വാസി വെടിവച്ചുകൊന്നു. ബിജെപിയുടെ മുണ്ട്‌ലാന മണ്ഡല്‍ അധ്യക്ഷനായിരുന്ന സുരേന്ദ്ര ജവഹറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി മോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മോനുവിന്റെ അമ്മാവന്റെ കയ്യില്‍ നിന്നും സുരേന്ദ്ര ജവഹര്‍ സ്ഥലം വാങ്ങിയിരുന്നു. ഈ ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ സ്ഥലത്ത് കൃഷി ചെയ്യാനായി സുരേന്ദ്ര എത്തിയപ്പോള്‍ മോനുവുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് സുരേന്ദ്ര അവിടെ നിന്ന് പോയെങ്കിലും പിന്നീട് സുരേന്ദ്രയുടെ കടയിലെത്തി ബഹളമുണ്ടാക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സുരേന്ദ്ര കടയിലേക്ക് ഓടിക്കയറുന്നതിന്റെയും പ്രതി പിന്തുടരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സുരേന്ദ്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു. 

Exit mobile version