ഭൂമി തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി. താജ് മുഹമ്മദ് ഭായ് ഭട്ടി എന്നയാളാണ് കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷം രൂപയുടെ ഭൂമി തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഫെബ്രുവരി 19 മുതൽ ഇയാളെ കാണാതായതായിരുന്നു. ഗുജറാത്തിലെ വ്യവസായ കേന്ദ്രമായ മോർബിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാമെന്നും പണം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് താജ് മുഹമ്മദിനെ ഭദിയാഡിന് സമീപമുള്ള വിജനമായ ഒരു ഫാം ഹൗസിലേക്ക് പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തി. ഫാം ഹൗസിൽ വെച്ച് പ്ലാസ്റ്റിക് പൈപ്പുകളും മരത്തടികളും ഉപയോഗിച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിച്ച ശേഷം അവിടെത്തന്നെ കുഴിച്ചുമൂടുകയായിരുന്നു.
ഫെബ്രുവരി 26‑ന് ഇയാളുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. കേസിലെ മുഖ്യപ്രതിയായ ബാലുഭായ് തോഭൻഭായ് അഘാര ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇയാളെ കൂടാതെ തോഭൻഭായ് ഘേലാഭായ് അഘാര, രമേഷ്ഭായ് അർജൻഭായ് അഘാര, വിശാൽ രമേഷ്ഭായ് വധാദിയ, ജയദീപ്ഭായ് കനാഭായ് സെർസിയ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കേസിൽ ഉൾപ്പെട്ട ഭാവേഷ് തോഭൻഭായ് അഘാര, ജിതേഷ് ഭായ് ബാലുഭായ് ജലാരിയ എന്നിവർ നിലവിൽ ഒളിവിലാണ്. ഇവർക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെടുത്തി. കേസിൽ ശക്തമായ തെളിവുകളും പ്രതികളുടെ കുറ്റസമ്മത മൊഴിയും ഉണ്ടെന്നും ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

