Site iconSite icon Janayugom Online

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല; ഇഡി നോട്ടീസ് ബിജെപി-യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയെന്നും തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നും ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണിത്. ഇഡി അഡ്‌ജുഡിക്കേറ്റിങ് അതോറിട്ടി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ആദ്യം മസാല ബോണ്ട് ഇറക്കാൻ കിഫ്ബിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

അനുമതി നൽകാനുള്ള അധികാരം ആർബിഐക്ക് മാത്രമാണ്. അതിനാല്‍ ആർബിഐയുടെ അനുമതിയോട് കൂടിയാണ് എല്ലാ നടപടികളും സ്വീകരിച്ചത്. കാര്യങ്ങൾ വ്യക്തമാക്കിയെങ്കിലും ആദ്യം അന്വേഷണത്തിന് ഹാജരാക്കണം എന്ന് പറഞ്ഞ് നോട്ടീസ് നൽകി. ഇഡിക്ക് മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ കോടതിയെ സമീപിക്കുകയായിരുന്നു.

 

എന്തിന് ഹാജരാകണമെന്ന് കോടതിയിലും തന്നെയും ഇതുവരെയും ബോധ്യപ്പെടുത്താൻ ഇഡിക്ക് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ കേസ് വന്നത്. പിന്നെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്. അതിന് ശേഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്. ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പായപ്പോൾ വീണ്ടും കുത്തിപ്പൊക്കിയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version