Site icon Janayugom Online

ബ്രിട്ടീഷുകാർ കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടി; ഇടതുസർക്കാരിന് നന്ദിപറഞ്ഞ് ഇരുനൂറോളം കുടുംബങ്ങൾ

ബ്രിട്ടീഷ് ഭരണകൂടം 224 വർഷങ്ങൾക്ക് മുമ്പ് കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങൾ. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശ്ശിരാജക്കൊപ്പം ചേർന്ന് പോരാടിയ അത്തൻകുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് കൈവശക്കാർക്ക് വിട്ടുനൽകി റവന്യുവകുപ്പ് ഉത്തരവായത്. 1800ലാണ് ബ്രിട്ടീഷുകാർ അത്തൻകുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കർ ഭൂമി സർക്കാർ കണ്ടുകെട്ടി. പിന്നീട് അത്തൻകുട്ടി കുരിക്കളുടെ മകൻ കുഞ്ഞഹമ്മദ് കുട്ടി കുരിക്കൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികൾ തിരികെ നൽകി. നികുതിയും പാട്ടവും നൽകണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കുഞ്ഞഹമ്മദ് കുട്ടി കുരിക്കളുടെ മരണശേഷം ഭൂമി മക്കൾക്ക് ലഭിച്ചു. ഭൂമിക്ക് സർക്കാർ 15,965 രൂപ ജന്മവില നിശ്ചയിക്കുകയും അത് എട്ടു ഗഡുക്കളായി സർക്കാരിലേക്ക് അടവാക്കിക്കൊള്ളാമെന്ന വ്യവസ്ഥയിൽ മക്കളായ ഖാൻ ബഹദൂർ അഹമ്മദ് കുരിക്കൾ, മൊയ്തീൻകുട്ടി കുരിക്കൾ എന്നിവർക്ക് പതിച്ചു നൽകുകയും ചെയ്തു. 1864ൽ ഇവരുടെ കൈവശത്തിന് സർക്കാർ കൈച്ചീട്ട് എഴുതിവാങ്ങുകയും ഇതു പ്രകാരമുള്ള സംഖ്യ 1868ൽ അടവാക്കുകയും ചെയ്തു. 1869ൽ ആകെയുള്ള ഭൂമിയിൽ കുറച്ചു സ്ഥലം ഒഴിവാക്കി ബാക്കിയുള്ളവ മലബാറിലെ ചില സത്രങ്ങളുടെ സംരക്ഷണ ചെലവിനുള്ളത് കണ്ടെത്താനായി മാറ്റിവച്ചു. അന്നു മുതൽ ഈ ഭൂമി സത്രം വക ഭൂമിയെന്നറിയപ്പെട്ടു. 

നിലവിൽ ഇരുന്നൂറോളം കുടുംബങ്ങൾ ഇവിടെ കൃഷി ചെയ്തും വീടു വച്ചും കഴിയുന്നു. ഇവർ സർക്കാരിന് നൽകിയ അപേക്ഷയെ തുടർന്നാണ് വിശദമായ പരിശോധന നടന്നത്. ഇവരുടെ കൈവശത്തിന് അടിസ്ഥാനമായി രജിസ്റ്റർ ചെയ്ത ആധാരങ്ങൾ ഉണ്ട്. സെറ്റിൽമെന്റ് രജിസ്റ്ററിൽ റീമാർക്സായി 1922 ഡിസംബർ 20ന് പാട്ടം നിശ്ചയിച്ച് കൊല്ലംതോറും ഏല്പിച്ച് കൊടുക്കുന്ന ഭൂമി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രേഖയിലെ ഈ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സർക്കാർ ഉടമസ്ഥതയിലുള്ള പാട്ടഭൂമിയാണെന്ന് പരിഗണിച്ചതും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും ഈനില തുടരാനിടയാക്കിയതും. കൈവശക്കാർക്ക് പൂർണ അവകാശത്തോടെ ഭൂമി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് 1976ൽ കൈവശക്കാരനായ അബ്ദുഹാജിയുടെ നേതൃത്വത്തിൽ ശ്രമങ്ങളാരംഭിച്ചെങ്കിലും ഫലം കണ്ടില്ല. 2010ൽ ഇവരിൽ നിന്ന് ഭൂനികുതി സ്വീകരിക്കുന്നത് സർക്കാർ നിർത്തി. റവന്യു അവകാശങ്ങൾ കൈവശക്കാർക്ക് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് അഹമ്മദ്കുട്ടി കുരിക്കൾ എന്ന കുഞ്ഞാൻ കുരിക്കളുടെ നേതൃത്വത്തിൽ നിയമപോരാട്ടം ആരംഭിച്ചത്. പി വി മുഹമ്മദ് ചെയർമാനും കുഞ്ഞാൻ കുരിക്കൾ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്താണ് അനുകൂല നിലപാടുണ്ടായത്. കൈവശക്കാരിൽ നിന്ന് ഇനിമുതൽ ഭൂനികുതി സ്വീകരിക്കണമെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇക്കഴിഞ്ഞ ദിവസം നിര്‍ദേശം നൽകി. നൂറ്റാണ്ടുകളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ ചരിത്രപരമായ ഉത്തരവിട്ട സംസ്ഥാന സർക്കാരിനും നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കുഞ്ഞാൻ കുരിക്കൾ എന്ന എഴുപത്തിരണ്ടുകാരനോടും നന്ദി പറയുകയാണ് പയ്യനാട് നിവാസികൾ. 

Eng­lish Summary:Lands con­fis­cat­ed by the British were recov­ered; About two hun­dred fam­i­lies thanked the left government
You may also like this video

Exit mobile version