Site iconSite icon Janayugom Online

മണ്ണിടിച്ചല്‍: മണ്ണിനടിയില്‍പ്പെട്ട നിര്‍മ്മാണത്തൊഴിലാളിയെ പുറത്തെടുത്തു

കോട്ടയം ചിങ്ങവനം മറിയപ്പള്ളിയില്‍ നിര്‍മ്മാണജോലിക്കിടെ മണ്ണിടിച്ചല്‍. ഇതരസംസ്ഥാന തൊഴിലാളി മണ്ണിനടിയില്‍പ്പെട്ടു. ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇയാളെ പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തലയൊഴികെ ദേഹമാകെ മണ്ണിനടിയില്‍പ്പെട്ട അവസ്ഥയിലായിരുന്നു. കൈകൊണ്ടും ജെസിബി ഉപയോഗിച്ചും ശ്രമകരമായ രക്ഷാപ്രവര്‍ത്തനമാണ് നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് നടത്തിയത്. ശുശാന്ത് എന്ന പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളിയാണ് മണ്ണിനടിയില്‍പ്പെട്ടത്. നാല് പേരാണ് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നത്. മൂന്നുപേരെ രക്ഷപ്പെടുത്താനായി.

മണ്ണ് നീക്കി തുഷാന്തിന്റെ തലയുടെ ഭാഗം രക്ഷാപ്രവര്‍ത്തനത്തില്‍ മണ്ണ് നീക്കി പുറത്ത് ആക്കിയതാണ്. നെഞ്ചിനുതാഴെ മുതല്‍ മണ്ണിനടിയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെയും മണ്ണിടിഞ്ഞതുകൊണ്ട് തീവ്രശ്രമമാണ് നടത്തിയത്. പലകയും മറ്റും വച്ച് മണ്ണ് തലയ്ക്ക് മീതെ വീണ്ടും പതിയാതിരിക്കാനുള്ള പ്രവൃത്തികളാണ് ഫയര്‍ഫോഴ്സ് ചെയ്തത്. ഇതിനായി നാട്ടുകാര്‍ ഏറെ സഹായം ഫയര്‍ഫോഴ്സിന് നല്‍കി. പുറത്തെടുത്ത ഉടനെ പ്രാഥമിക ചികിത്സ നല്‍കാന്‍ നാട്ടകം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിയിരുന്നു. മണ്ണിനടിയില്‍പ്പെട്ട ശുശാന്തിന് പുറത്തുനിന്ന് വെള്ളംകൊടുക്കാനും മറ്റും സാധിച്ചു.

രാവിലെ ഒമ്പതുമണിയോടെയാണ് മറിയംപള്ളി മഠത്തില്‍ക്കാവ് ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ ഈ വീടിനോട് ചേര്‍ന്ന മണ്‍ത്തിട്ട ഇടിഞ്ഞിരുന്നു. വീടിന് കേടുപറ്റാതിരിക്കാനുള്ള നിര്‍മ്മാണ ജോലികളാണ് നടന്നിരുന്നത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പൊലീസും നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയിരുന്നു.

പരിക്കുകള്‍ പ്രത്യക്ഷത്തില്‍ കാണുന്നില്ലെന്ന് നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പറഞ്ഞു. കൂടുതല്‍ വിശദമായ പരിശോധന കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചശേഷം നടത്തും. ഭയപ്പാടിന്റെ പ്രശ്നമുള്ളതിനാല്‍ മാനസികാര്യോഗം മെച്ചപ്പെടുത്തുന്നതിനും ചികിത്സ നല്‍കേണ്ടതുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

 

Eng­lish sam­mury:  Land­slide dur­ing con­struc­tion work in Marya­pal­ly. The non-state work­er went underground.

Exit mobile version