Site iconSite icon Janayugom Online

മഴ തുടരുന്നു: ഇടുക്കിയിൽ രണ്ട് മരണം; ഒരാളെ നദിയില്‍ കാണാതായി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്നലെ എല്ലായിടങ്ങളിലും കനത്ത മഴ ലഭിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ജൂലൈ എട്ട് വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്ററും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്ററും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല. വടക്കന്‍ ഒഡിഷയ്ക്കു സമീപത്ത് തെക്കന്‍ ഝാര്‍ഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. ഇടുക്കിയില്‍ കനത്ത മഴയില്‍ ഏലപ്പാറയിലും അടിമാലിയിലും വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. ഏലപ്പാറ കോഴിക്കാനം രണ്ടാം ഡിവിഷനിൽ 13 മുറി ലയത്തിൽ രാജുവിന്റെ ഭാര്യ പുഷ്പ എന്നു വിളിക്കുന്ന ഭാഗ്യം (50) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ലയത്തിന് പിന്നിൽ മണ്ണിടിഞ്ഞാണ് സംഭവം. അടിമാലി ആനച്ചാലിനടുത്ത് മുതുവാൻ കുടിയിൽ വീട് നിർമ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. മുതുവാൻകുടി കുഴിയാലിയിൽ കെ സി പൗലോസ് (56) ആണ് മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന നാലു തൊഴിലാളികള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇരുമ്പുപാലത്തിന് സമീപം നദിയില്‍ കാണാതായ യുവാവിനായി ഫയർഫോഴ്സിന്റെ സ്കൂബ ടീം തിരച്ചിൽ തുടരുകയാണ്.

Eng­lish Summary:Landslides in Iduk­ki; a death
You may also like this video

Exit mobile version