Site iconSite icon Janayugom Online

ഇന്തോനേഷ്യയിൽ മണ്ണിടിച്ചിൽ; മരണം 17 ആയി, 23 നാവികസേന ഉദ്യോഗസ്ഥരടക്കം 73 പേരെ കാണാനില്ല

ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 17 ആയി. കാണാതായ 73 പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് ദുരന്തനിവാരണ ഏജൻസി അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ബന്ദുങ് ബാരത് മേഖലയിലെ ജനവാസ കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മുപ്പതിലധികം വീടുകൾ മണ്ണിനടിയിലായി.
കാണാതായവരിൽ അതിർത്തി സംരക്ഷണ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന 23 നാവികസേനാ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്ന് നാവികസേനാ മേധാവി മുഹമ്മദ് അലി സ്ഥിരീകരിച്ചു. മോശം കാലാവസ്ഥയും തടസ്സപ്പെട്ട ഗതാഗതവും കാരണം ദുരന്തമേഖലയിലേക്ക് മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെയുള്ള വലിയ സജ്ജീകരണങ്ങൾ എത്തിക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ചാണ് പരിശോധന തുടരുന്നത്.

തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള പാസിർ ലാംഗു എന്ന മലയോര ഗ്രാമത്തിലാണ് അപകടമുണ്ടായത്. മേഖലയിൽ അടുത്ത ഒരാഴ്ച കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച പശ്ചിമ ജാവയുടെ വിവിധ ഭാഗങ്ങളിലും ജക്കാർത്തയിലും ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. സുമത്രാ ദ്വീപിൽ 1,200 പേരുടെ മരണത്തിനിടയാക്കിയ വലിയ പ്രകൃതി ദുരന്തത്തിന് രണ്ട് മാസത്തിന് ശേഷമാണ് ഇന്തോനേഷ്യയെ വീണ്ടും കണ്ണീരിലാഴ്ത്തി ഈ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്.

Exit mobile version