ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ പതിനൊന്നാം സീസണിലെ അവസാന ഹോം മത്സരത്തിന് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തുപോയ ബ്ലാസ്റ്റേഴ്‌സ് അവസാന ഹോം മത്സരമെങ്കിലും വിജയിച്ച് ആരാധകര്‍ക്ക് സന്തോഷത്തോടെയുള്ള യാത്രയയപ്പ് നല്‍കുകയാണ് ലക്ഷ്യം. പ്ലേ ഓഫിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന മുംബൈ സിറ്റി എഫ് സിയാണ് രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.
ഇന്നത്തെ മത്സരം സമനിലയില്‍ എത്തുകയാണെങ്കിലും മുംബൈയ്ക്ക് ഒഡിഷയെ മറികടന്ന് പ്ലേ ഓഫ് ഉറപ്പിക്കാം. അതുകൊണ്ട് തന്നെ ജീവന്മരണ പോരാട്ടത്തിനാണ് നീലക്കുപ്പായക്കാര്‍ ഇന്നിറങ്ങുന്നത്. ഇക്കഴിഞ്ഞ ഹോം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് സമനില നേടിയതോടെ ബ്ലാസ്റ്റേഴ്സ് പ്ലേഓഫില്‍ നിന്ന് പുറത്തായിരുന്നു. ഇന്നത്തേതുള്‍പ്പെടെ രണ്ട് മത്സരങ്ങളാണ് ഇനി ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ അവശേഷിക്കുന്നത്. മഞ്ഞപ്പട മറക്കാന്‍ ആഗ്രഹിക്കുന്ന സീസണാണ് അവസാനിക്കുന്നത്. പഞ്ചാബ് എഫ്‌സിയോട് 2–1ന് തോറ്റാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഹോം സീസണ്‍ തുടങ്ങിയത്. പിന്നീട് നാലു മത്സരങ്ങള്‍ മാത്രമാണ് ജയിക്കാനായത്. അഞ്ചെണ്ണം തോറ്റു, രണ്ടെണ്ണം സമനിലയിലായി. മാര്‍ച്ച് 12ന് ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് എവേ ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. നിലവില്‍ 25 പോയിന്റുമായി ഒമ്പതാം സ്ഥാനത്തുള്ള ടീമിന് രണ്ട് മത്സരം ജയിച്ചാലും സ്ഥാനക്കയറ്റം പോലും ഉറപ്പില്ല.
അതേസമയം കഴിഞ്ഞ ദിവസം ഒഡിഷ എഫ്‌സി ജംഷഡ്പൂരിനെ തോല്പിച്ചതോടെ ഒരു പോയിന്റ് മാത്രം ലക്ഷ്യമിട്ടാണ് മുംബൈ സിറ്റി കൊച്ചിയില്‍ ഇറങ്ങുക. ഇതിനകം അഞ്ച് ടീമുകള്‍ പ്ലേഓഫ് ഉറപ്പാക്കിയ ലീഗില്‍ ഒരു സ്ഥാനം മാത്രമാണ് അവശേഷിക്കുന്നത്. നിലവില്‍ 24 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഒഡിഷയാണ് 33 പോയിന്റുമായി ആറാമതുള്ളത്.
മുംബൈയില്‍ നടന്ന ആദ്യപാദത്തില്‍ മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിനെ 4–2ന് തോല്പിച്ചിരുന്നു. കഴിഞ്ഞ എട്ട് എവേ മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് മുംബൈ വരുന്നത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യഇലവനില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇതുവരെ കളത്തിലിറങ്ങാത്ത താരങ്ങള്‍ക്കായിരിക്കും അവസരം. കഴിഞ്ഞ മത്സരത്തില്‍ നോറ ഫെര്‍ണാണ്ടസിനെ ടീം വലക്ക് കീഴില്‍ പരീക്ഷിച്ചിരുന്നു. ഇന്ന് യുവതാരം ബികാഷ് യുംനത്തിന് ആദ്യ ഇലവനില്‍ അവസരം കിട്ടിയേക്കും. മോശം പ്രകടനത്തെ തുടര്‍ന്ന് ആളൊഴിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. വന്നവരാവട്ടെ ടീം മാനേജ്മെന്റിനെതിരെ പ്രതിഷേധം തുടരുകയും ചെയ്തു. 22 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 36 ഗോളുകള്‍ വഴങ്ങിയ ടീം 2020–21 സീസണിലെ റെക്കോഡിനൊപ്പമെത്തി. ഇന്ന് ഒരു ഗോള്‍ വഴങ്ങിയാല്‍ ക്ലബ്ബ് കൂടുതല്‍ ഗോള്‍ വഴങ്ങുന്ന സീസണായി ഇത് മാറും. അവസാന അഞ്ചില്‍ ഒരു ജയം മാത്രമാണ് ടീമിനുള്ളത്. സീസണില്‍ നിന്ന് പോസിറ്റീവായ വിടവാങ്ങലാണ് ആഗ്രഹിക്കുന്നതെന്നും, ഇനിയുള്ള മത്സരങ്ങളെയും നല്ല രീതിയില്‍ സമീപിക്കാനാണ് ശ്രമമെന്നും ഇടക്കാല പരിശീലകന്‍ ടി ജി പുരുഷോത്തമന്‍ പറഞ്ഞു.